
എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍(ENG vs IND 2nd T20I) ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയെയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയേയും(Virat Kohli) കാത്തിരിക്കുന്നത് നാഴികക്കല്ല്. ഒരേ റെക്കോഡിനരികെയാണ് ഇരുവരും നില്‍ക്കുന്നതെന്നതും ഒരേ അകലമാണ് നേട്ടത്തിലേക്ക് ഇരുവർക്കും ഉള്ളത് എന്നതും കൗതുകമാണ്.
രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കാന്‍ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും രണ്ട് വീതം ബൗണ്ടറികള്‍ മതി. 126 രാജ്യാന്തര ടി20കളില്‍ നിന്നാണ് ഹിറ്റ്മാന്‍ 298 ഫോറുകള്‍ നേടിയത്. അതേസമയം ഇതേ എണ്ണത്തിലേക്ക് കിംഗ് കോലിക്ക് 97 മത്സരങ്ങളേ വേണ്ടിവന്നുള്ളൂ. രാജ്യാന്തര ടി20യില്‍ രോഹിത്തിന് 155 സിക്സുകളാണ് സമ്പാദ്യമെങ്കില്‍ കോലിക്ക് 92 എണ്ണവും. രാജ്യാന്തര ടി20യില്‍ കൂടുതല്‍ ഫോറും സിക്സറും നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് രണ്ടിടത്തും രണ്ടാമതുണ്ട്. സിക്സുകളുടെ കണക്കില്‍ ന്യൂസിലന്‍ഡിന്‍റെ മാർട്ടിന്‍ ഗുപ്റ്റിലും(165), ഫോറുകളുടെ എണ്ണത്തില്‍ അയർലന്‍ഡിന്‍റെ പോള്‍ സ്റ്റിർലിംഗുമാണ് തലപ്പത്ത്(325).
ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടി20. സതാംപ്‍ടണില്‍ നടന്ന ആദ്യ ടി20 മത്സരം 50 റണ്‍സിന് വിജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ ആദ്യ മത്സരം വിജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്നതാണ് രാഹുല്‍ ദ്രാവിഡിന്‍റെയും രോഹിത് ശര്‍മ്മയുടേയും ആശങ്ക. കഴിഞ്ഞ മത്സരം കളിച്ച പേസർ അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തതിനാല്‍ ബൗളിംഗില്‍ മാറ്റമുറപ്പ്. ഉമ്രാന്‍ മാലിക്കും അവസരം കാത്തിരിക്കുന്നു. മത്സരം മാറ്റിമറിക്കാന്‍ കരുത്തുള്ള വെടിക്കെട്ട് ബാറ്റർമാരുള്ള ഇംഗ്ലണ്ടിനെ ചില്ലറക്കാരായി കാണാനാവില്ല.
മുന്‍കണക്ക്
ടി20 ചരിത്രത്തില്‍ 20 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 11 ജയവുമായി ഇന്ത്യക്ക് വ്യക്തമായ ലീഡുണ്ട്. 9 കളികളില്‍ ഇംഗ്ലണ്ട് ജയിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന അഞ്ച് കളികളില്‍ നാലും നീലപ്പട ജയിച്ചതും ടീമിന് പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. അതേസമയം എഡ്‍ജ്ബാസ്റ്റണില്‍ മുമ്പ് ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!