ഇംഗ്ലണ്ടിന് റൂട്ടിന്‍റെ വഴി, കൈപിടിച്ച് ബെയർസ്റ്റോ; ലോർഡ്സില്‍ ഇംഗ്ലീഷ് മുന്നേറ്റം

By Web TeamFirst Published Aug 14, 2021, 5:58 PM IST
Highlights

റൂട്ട്(89*) സെഞ്ചുറിക്ക് അരികെയെങ്കില്‍ ബെയര്‍സ്റ്റോയും(51*) അര്‍ധ സെഞ്ചുറി പിന്നിട്ടുകഴിഞ്ഞു

ലണ്ടന്‍: ലോർഡ്‍സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ജോണി ബെയർസ്റ്റോയും. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‍കോറായ 364 റണ്‍സ് പിന്തുടരുന്ന ആതിഥേയർ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് കയ്യിലിരിക്കേ 216-3 എന്ന ശക്തമായ നിലയിലാണ്. റൂട്ട്(89*) സെഞ്ചുറിക്ക് അരികെയെങ്കില്‍ ബെയര്‍സ്റ്റോയും(51*) അര്‍ധ സെഞ്ചുറി പിന്നിട്ടുകഴിഞ്ഞു. 

ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി തുടങ്ങിയത്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സിന്‍റെയും ഡൊമനിക് സിബ്ലിയുടെയും മൂന്നാമന്‍ ഹസീബ് ഹമീദിന്‍റെയും വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് രണ്ടാം ദിനം നഷ്ടമായിരുന്നു. 

സിറാജിന്‍റെ ഇരട്ട വെടി 

തുടക്കത്തില്‍ വിക്കറ്റ് പോവാതെ പിടിച്ചുനിന്ന ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് ഇന്ത്യന്‍ പേസർ മുഹമ്മദ് സിറാജിന് മുന്നില്‍ അടിതെറ്റുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 23 റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്‍റെ കൈകളിലെത്തിച്ച് സിറാജ് ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യക്ക് സമ്മാനിച്ചു. അടുത്ത പന്തില്‍ ഹസീബ് ഹമീദിനെ(0) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇംഗ്ലണ്ട് ഞെട്ടി. ഉറച്ച പ്രതിരോധത്തിന് ശ്രമിച്ച റോറി ബേണ്‍സിനെ(136 പന്തില്‍ 49) വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.  

എന്നാല്‍ അവിടെനിന്ന് ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ഇംഗ്ലണ്ടിന് വഴി തെളിയിക്കുകയാണ് മൂന്നാം ദിനം നായകന്‍ ജോ റൂട്ട്. അർധ സെഞ്ചുറിയുമായി റൂട്ടിന് ഉറച്ച് പിന്തുണ നല്‍കുന്നു ബെയർസ്റ്റോ. 

കയ്യടി വാങ്ങി രാഹുല്‍, ആന്‍ഡേഴ്സണ്‍

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ പ്രായം തളർത്താത്ത അഞ്ച് വിക്കറ്റ് പ്രകടവുമായി പേസർ ജയിംസ് ആന്‍ഡേഴ്സണ്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ ഓപ്പണർമാരായ കെ എല്‍ രാഹുലിന്‍റെയും(129), രോഹിത് ശർമ്മയുടേയും(83) കരുത്തില്‍ ഇന്ത്യ 126.1 ഓവറില്‍ 10 വിക്കറ്റിന് 364 റണ്‍സ് നേടി. നായകന്‍ വിരാട് കോലിയും(42), ഓള്‍റൌണ്ടർ രവീന്ദ്ര ജഡേജയും(40), വിക്കറ്റ് കീപ്പർ റിഷഭ് പന്തും(37) ആണ് മറ്റുയർന്ന സ്‍കോറുകാർ. ബാറ്റിംഗ് മതിലുകളായ പൂജാര(9), രഹാനെ(1) എന്നിവർ നിറംമങ്ങി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!