
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാളെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ വിരാട് കോലി (Virat Kohli) കളിച്ചേക്കില്ല. ഗ്രോയിന്‍ ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം നാളെ ഓവലില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് പുറത്തുവരുന്ന വിവരങ്ങള്‍. ബിസിസിഐ (BCCI) വൃത്തങ്ങളെ ഉദ്ദരിച്ച വാര്‍ത്ത ഏജന്‍സിയായ പിടിഐയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവസാന ടി20യില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് കോലിക്ക് പരിക്കേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും മത്സരത്തിലേക്ക് കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോലി ഇപ്പോഴും അവസാന ടി20 കളിച്ച നോട്ടിംഗ്ഹാമില്‍ തുടരുകയാണ്. കൂടുതല്‍ പരിശോധനയ്ക്കായിട്ടാണ് കോലി നോട്ടിംഗ്ഹാമില്‍ തുടരുന്നത്. കരിയറിലെ മോശം ഫോമിലാണ് കോലി. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പരിക്ക്. ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍ താരങ്ങളായ കപില്‍ ദേവ് (Kapil Dev), അജയ് ജഡേജ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിവുള്ള നിരവധി പേര്‍ പുറത്തുണ്ടെന്നുള്ളതാണ് ഇവരുടെ വാദം.
ഇതിനിടെ കോലിയെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ രംഗത്തെത്തികോലിയെ പദ്ധിതികളുടെ ഭാഗമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുറത്ത് എന്തൊക്കെ സംഭവിച്ചാലും അത് ടീമിനെ ബാധിക്കുന്നതല്ല. ടീം താരങ്ങളെ പിന്തുണയ്ക്കുകയും അവസരങ്ങല്‍ നല്‍കേണ്ടതായുമുണ്ട്. വിമര്‍ശിക്കുന്നവര്‍ പുറത്തിരുന്നാണ് കളി കാണുന്നത്. ടീമിനുള്ളില്‍ എന്ത് നടക്കുന്നുവെന്ന് അവര്‍ക്കറിയില്ല. ഉള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ടീമിനെ ഒരുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. പദ്ധതികളുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്.'' കോലിയുടെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് മറുപടി നല്‍കി.
''എല്ലാ താരങ്ങളുടെ കരിയറിലും ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവും. ഒരുപാട് വര്‍ഷം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം ഒന്നോ രണ്ടോ മോശം പരമ്പരകൊണ്ട് ഇല്ലതായി തീരില്ല. വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങളെ കാര്യമായി ബാധിക്കില്ല.'' രോഹിത് പറഞ്ഞു.
അവസാന ടി20 11 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഡേവിഡ് വില്ലിക്കെതിരെ മനോഹരമായി ഫോറും സിക്‌സും നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. തൊട്ടുമുമ്പുള്ള ടി20യില്‍ ഒരു റണ്‍ മാത്രമാണ് കോലിക്ക് നേടാനായിരുന്നത്.