മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന് ഇന്ത്യക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഇംഗ്ലണ്ടിനാവില്ലെന്ന് പീറ്റേഴ്സണ്‍

By Web TeamFirst Published Sep 10, 2021, 7:53 PM IST
Highlights

ഇത്രയും ആവേശകരമായൊരു പരമ്പര അവസാന ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം റദ്ദാക്കുന്നത് വലിയ നാണക്കേടായിപ്പോയെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പ്രതികരിച്ചു.

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ വിന്‍ പീറ്റേഴ്സൺ. കൊവിഡ് വ്യാപനത്തിന്‍റെ പേരിൽ , ഇന്ത്യയെ വിമര്‍ശിക്കാന്‍ ഇംഗ്ലണ്ടിന് അവകാശമില്ലെന്ന് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. ഡിസംബറില്‍ ഇംഗ്ലണ്ട് താരങ്ങൾ കൊവിഡ് ബാധിതരായപ്പോള്‍ , ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ട് ടീം മടങ്ങി.

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് അന്ന് നേരിട്ടത്. ആ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ വിരൽ ചൂണ്ടാന്‍ ഇംഗ്ലണ്ടിന് അവകാശമില്ലെന്ന് പീറ്റേഴ്സൺ കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ പീറ്റേഴ്സണ്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെത്തിയത്.

England left the tour of SA for Covid scares & cost CSA plenty, so don’t go pointing fingers! 👀

— Kevin Pietersen🦏 (@KP24)

അതേസമയം, ഇത്രയും ആവേശകരമായൊരു പരമ്പര അവസാന ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം റദ്ദാക്കുന്നത് വലിയ നാണക്കേടായിപ്പോയെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പ്രതികരിച്ചു.

This is such a shame - as it’s been a wonderful series ! https://t.co/tPPrAJXCoT

— Shane Warne (@ShaneWarne)

മാഞ്ചസ്റ്ററില്‍ ഇന്ന് തുടങ്ങേണ്ടിയിരുന്ന അവസാന ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്. ഇന്ത്യന്‍ ടീം അസിസ്റ്റന്‍റ് ഫിസിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിൽ കളിക്കാനാകില്ലെന്ന നിലപാടിലേക്ക് ചില മുതിര്‍ന്ന താരങ്ങള്‍ എത്തിയത്.

വീണ്ടും കൊവിഡ് പരിശോധന നടത്താമെന്നും നെഗറ്റീവെങ്കിൽ ഒന്നോ രണ്ടോ ദിവസം വൈകി മത്സരം തുടങ്ങാമെന്നും ഇരുബോര്‍ഡുകളും നിര്‍ദ്ദേശിച്ചെങ്കിലും, കുടുംബാംഗങ്ങള്‍ ഒപ്പമുള്ളതിനാല്‍ താരങ്ങള്‍ വഴങ്ങിയില്ല.

click me!