ലോര്‍ഡ്‌സിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു വമ്പന്‍ തിരിച്ചടി

By Gopalakrishnan CFirst Published Aug 18, 2021, 8:40 AM IST
Highlights

പരിക്കുമൂലം സ്റ്റുവര്‍ട്ട് ബ്രോഡ് ആദ്യ ടെസ്റ്റിനുശേഷം പുറത്താവുകയും ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവര്‍ പരിക്കുഭേദമായി തിരിച്ചെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വുഡിന് കൂടി പിരിക്കേറ്റത് ഇംഗ്ലണ്ട് പേസനിരയെ കൂടുതല്‍ ദുര്‍ബലമാക്കും.

ലണ്ടന്‍: ഇന്ത്യക്കെതിരായ ലോര്‍ഡ്്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടിയായി പേസ് ബൗളര്‍ മാര്‍ക്ക് വുഡിന്റെ പരിക്കും. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തില്‍ തോളിന് പരിക്കേറ്റ മാര്‍ക്ക് വുഡ് മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

പരിക്കുമൂലം സ്റ്റുവര്‍ട്ട് ബ്രോഡ് ആദ്യ ടെസ്റ്റിനുശേഷം പുറത്താവുകയും ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് എന്നിവര്‍ പരിക്കുഭേദമായി തിരിച്ചെത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വുഡിന് കൂടി പിരിക്കേറ്റത് ഇംഗ്ലണ്ട് പേസനിരയെ കൂടുതല്‍ ദുര്‍ബലമാക്കും. ചെറിയ പരിക്കുണ്ടെങ്കിലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നു.

വുഡിന്റെ പരിക്ക് ഭേദമാക്കാനുള്ള ശ്രമത്തിലാണ് മെഡിക്കല്‍ സംഘമെന്നും വരും ദിവസങ്ങളില്‍ മാത്രമെ വുഡിന് മൂന്നാം ടെസ്റ്റ് നഷ്ടമാവുമോ എന്ന് പറയാനാകു എന്നും ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. മൂന്നാം ടെസ്റ്റിന് മുമുമ്പ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വുഡിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി. പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ വുഡിനെ കളിക്കാനായി നിര്‍ബന്ധിക്കില്ലെന്നും സില്‍വര്‍വുഡ് പറഞ്ഞു.
 
ഈ മാസം 25 മുതല്‍ ഹെഡിംഗ്ലിയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മഴമൂലം സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആവേശജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി വുഡ് രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!