ട്വന്‍റി 20 ലോകകപ്പ് ടീമിലെത്താന്‍ ഇവിടെ ഇടി, അവിടെ സ്വയം പിന്‍മാറി ഇംഗ്ലീഷ് സൂപ്പർ താരം!

Published : Apr 03, 2024, 01:53 PM ISTUpdated : Apr 03, 2024, 05:47 PM IST
ട്വന്‍റി 20 ലോകകപ്പ് ടീമിലെത്താന്‍ ഇവിടെ ഇടി, അവിടെ സ്വയം പിന്‍മാറി ഇംഗ്ലീഷ് സൂപ്പർ താരം!

Synopsis

ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കിലും അങ്ങ് ഇംഗ്ലണ്ടില്‍ വ്യത്യസ്തമാണ് സാഹചര്യം

ലണ്ടന്‍: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനായി താരങ്ങള്‍ തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഐപിഎല്‍ 2024 ലോകകപ്പ് ടീമിലെത്താനുള്ള സുവർണാവസരമായി പല താരങ്ങളും കാണുന്നു. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ തുടങ്ങി നിരവധി പേരാണ് ടി20 ലോകകപ്പ് സ്ക്വാഡിലെത്താന്‍ മത്സരരംഗത്തുള്ളത്. ഇന്ത്യയിലെ അവസ്ഥ ഇതാണെങ്കിലും അങ്ങ് ഇംഗ്ലണ്ടില്‍ വ്യത്യസ്തമാണ് സാഹചര്യം. 

ഈ വർഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാവുന്ന ടി20 ലോകകപ്പ് ടീം സെലക്ഷന് തന്നെ പരിഗണിക്കേണ്ട എന്ന് ഇപ്പോഴെ അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്. കരുത്തനായ മാച്ച് വിന്നറായ സ്റ്റോക്സ് ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈയൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. 2022ല്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടിയപ്പോള്‍ സ്റ്റോക്സ് ടീമിലുണ്ടായിരുന്നു. 

സ്റ്റോക്സിന്‍റെ വാക്കുകള്‍

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫിറ്റ്നസ് ബെന്‍ സ്റ്റോക്സിനെ അലട്ടുന്നുണ്ട്. അതിനാല്‍ താരം പന്ത് എറിയുന്നതില്‍ നിന്ന് പലപ്പോഴും വിട്ടുനില്‍ക്കുകയാണ്. ബാറ്റിംഗിനൊപ്പം വീണ്ടും ബൗളിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓൾറൗണ്ട‍റായ സ്റ്റോക്സിന്‍റെ തീരുമാനം. 'ഞാന്‍ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബൗളിംഗ് ഫിറ്റ്നസ് വീണ്ടെടുത്ത് ഓൾറൗണ്ട‍ർ എന്ന ചുമതല പൂർത്തീകരിക്കേണ്ടതുണ്ട്. ഐപിഎല്ലിലും ടി20 ലോകകപ്പിലും നിന്ന് വിട്ടുനില്‍ക്കുന്നതോടെ എല്ലാ ഫോർമാറ്റിലും കളിക്കുന്ന ഓൾറൗണ്ട‍റായി തിരിച്ചുവരാന്‍ എനിക്കാകും എന്നാണ് പ്രതീക്ഷ. ബൗളിംഗില്‍ എത്രത്തോളം ഇനിയും മുന്നേറാനുണ്ട് എന്ന് കഴിഞ്ഞ ഇന്ത്യന്‍ പര്യടനം കാട്ടിത്തന്നു. കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം 9 മാസം പന്തെറിഞ്ഞിരുന്നില്ല. ടെസ്റ്റ് സീസണ്‍ ആരംഭിക്കും മുമ്പ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ട്വന്‍റി 20 ലോകകപ്പ് കിരീടം നിലനിർത്താന്‍ ക്യാപ്റ്റന്‍ ജോസ് ബട്‍ലറിനും വൈറ്റ് ബോള്‍ കോച്ച് മാത്യു മോട്ടിനും എല്ലാ ആശംസകളും നേരുകയാണ് എന്നും' ബെന്‍ സ്റ്റോക്സ് പറഞ്ഞു. 

20 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പില്‍ നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍. ടി20 ലോകകപ്പില്‍ ബാർബഡോസില്‍ ജൂണ്‍ നാലിന് സ്കോട്‍ലന്‍ഡിന് എതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ സ്കോട്‍ലന്‍ഡിന് പുറമെ ഓസീസ്, ഒമാന്‍, നമീബിയ എന്നിവരുമായും ഇംഗ്ലണ്ടിന് ഗ്രൂപ്പ് മത്സരങ്ങളുണ്ട്. മത്സരം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ള ബെന്‍ സ്റ്റോക്സിന്‍റെ അഭാവം കനത്ത തിരിച്ചടിയാണ് എന്നാണ് സഹതാരം സാം കറന്‍റെ പ്രതികരണം. 

Read more: മുംബൈ ഇന്ത്യന്‍സ്, സിഎസ്‍കെ ആരാധകരെ ആഹ്ളാദിപ്പിന്‍; ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 പുനരാരംഭിച്ചേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്