നല്ല തുടക്കത്തിനുശേഷം രാഹുല്‍ മടങ്ങി; ഓവലില്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് മറികടന്ന് ഇന്ത്യ

By Web TeamFirst Published Sep 4, 2021, 5:47 PM IST
Highlights

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ക്രിസ് വോക്സും റോബിന്‍സണും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായി.

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടന്ന് ഇന്ത്യ. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സോടെ രോഹിത് ശര്‍മയും, 14 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ക്രീസില്‍. 46 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ ഒമ്പത് റണ്‍സിന്‍റെ ലീഡുണ്ട്.

കരുതലോടെ തുടങ്ങി കരുത്താര്‍ജ്ജിച്ച് രാഹുലും രോഹിത്തും

വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും രോഹിത്തും കരുതലോടെയാണ് തുടങ്ങിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ക്രിസ് വോക്സും റോബിന്‍സണും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായി. എങ്കിലും കുറച്ചുകൂടി ആക്രമിച്ചു കളിച്ച രാഹുല്‍ സ്കോറിംഗ് വേഗം കൂട്ടി. പതിവില്‍ നിന്ന് വ്യത്യസ്തമായി നങ്കൂരമിട്ട് കളിച്ച രോഹിത് രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ ആന്‍ഡേഴ്സണെ പന്തേല്‍പ്പിക്കാനുള്ള ജോ റൂട്ടിന്‍റെ തീരുമാനം ഫലിച്ചു. 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന രാഹുലിനെ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ ആന്‍ഡേഴ്സണ്‍ വീഴ്ത്തി. രാഹുലിന്‍റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ കൈയിലൊതുക്കിയെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചില്ല. റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് തീരുമാനം അനുകൂലമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-രോഹിത് സഖ്യം 83 റണ്‍സെടുത്തു.

YESSS gets the first wicket!

Scorecard/Clips: https://t.co/Kh5KyTSOMS

🏴󠁧󠁢󠁥󠁮󠁧󠁿 🇮🇳 pic.twitter.com/oty3Zlu2CG

— England Cricket (@englandcricket)

ആക്രമണോത്സുകനായി പൂജാര

രോഹിത് കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ പതിവ് പ്രതിരോധം വിട്ട് പൂജാര ആക്രമണോത്സുനാകുന്നതാണ് പിന്നീട് കണ്ടത്. ലീഡ്സിലെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന് സമാനമായി ആക്രമിച്ചു തുടങ്ങിട പൂജാര മൊയീന്‍ അലിയെയും റോബിന്‍സണെയും ഓവര്‍ടണെയും ബൗണ്ടറി കടത്തി. 21 പന്തിലാണ് പൂജാര 14 റണ്‍സെടുത്തത്. 131 പന്തില്‍ 47 റണ്‍സുമായി രോഹിത് പൂജാരക്കൊപ്പം ക്രീസിലുണ്ട്.

click me!