കപിലിന് മാത്രം പിന്നില്‍, ബോത്തമിന് മുകളില്‍! ഓവല്‍ വെടിക്കെട്ടോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താക്കൂര്‍

By Web TeamFirst Published Sep 3, 2021, 7:50 AM IST
Highlights

താരം 36 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സെടുത്തു. ഇന്ത്യന്‍ താരങ്ങളില്‍ ടോപ് സ്‌കോറര്‍ താക്കൂറായിരുന്നു.

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് വാലറ്റത്ത് ഷാര്‍ദുല്‍ താക്കൂര്‍ നടത്തിയ വെടിക്കെട്ടായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ താരം 36 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സെടുത്തു. ഇന്ത്യന്‍ താരങ്ങളില്‍ ടോപ് സ്‌കോറര്‍ താക്കൂറായിരുന്നു. ഇതോടെ ചില തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ താക്കൂറിന് സ്വന്തമായി. 

ഓവലില്‍ വെറും 31 പന്തിലാണ് ഷാര്‍ദുല്‍ താക്കൂര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ ശതകമാണിത്. പാകിസ്ഥാനെതിരെ 1982ല്‍ കറാച്ചിയില്‍ 30 പന്തില്‍ അമ്പത് തികച്ച ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്‍റെ പേരിലാണ് റെക്കോര്‍ഡ്. 32 പന്തിൽ 50ൽ എത്തിയ വിരേന്ദർ സെവാഗിനെ ഷാർദുൽ മറികടന്നു. സെവാഗ് 2008ൽ ഇംഗ്ലണ്ടിനെതിരെയാണ് 32 പന്തിൽ 50 നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ താക്കൂര്‍ 36 പന്തില്‍ നേടിയ 57 റണ്‍സ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്തെ വേഗമേറിയ 50+ സ്‌കോറാണ്. ലോര്‍ഡ്‌സില്‍ 1982ല്‍ കപില്‍ 55 പന്തില്‍ നേടിയ 89 റണ്‍സാണ് ഒന്നാമത്. 

അതേസമയം ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡും ഷാര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കി. 1986ല്‍ ന്യൂസിലന്‍ഡിനെതിരെ 32 പന്തില്‍ അമ്പത് പിന്നിട്ട ഇയാന്‍ ബോത്തമിനെയാണ് താക്കൂര്‍ മറികടന്നത്. ബോത്തമിന്‍റെ ഇന്നിംഗ്‌സും ഓവലിലായിരുന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡും താക്കൂര്‍ സ്വന്തമാക്കി. 1948ല്‍ ഫോഫി വില്യംസ് 28 പന്തിലും 2008ല്‍ ടിം സൗത്തി 29 പന്തിലും അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 191ന് പുറത്തായിരുന്നു. താക്കൂറിന് പുറമെ നായകന്‍ വിരാട് കോലി(96 പന്തില്‍ 50) മാത്രമാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇംഗ്ലണ്ടിന് മറുപടിയായി ഇന്ത്യ ബൗളര്‍മാരിലൂടെ തിരിച്ചടിക്കുകയാണ്. ഒന്നാം ദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റേതടക്കം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ 53/3 എന്ന സ്‌കോറിലേക്ക് തള്ളിയിട്ടു. ബുമ്ര രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റ് നേടി. 

ഷര്‍ദ്ദുലിന്‍റെ വെടിക്കെട്ട്, ബുമ്രയുടെ ഇരട്ടപ്രഹരം, റൂട്ടിളക്കി ഉമേഷ്; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ തിരിച്ചടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!