മൂന്നിന് 125 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ഇന്ത്യക്കായി ആദ്യ മണിക്കൂറില്‍ ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും പിടിച്ചു നിന്നു. ഇന്ത്യന്‍ സ്കോര്‍ 150 കടന്നതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയെ വീഴ്ത്തി സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. 168 പന്ത് നേരിട്ട പൂജാര 66 റണ്‍സടിച്ചശേഷമാണ് പുറത്തായത്.
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന നിലയിലാണ്. 17 റണ്‍സോടെ രവീന്ദ്ര ജഡേജയും 13 റണ്‍സോടെ മുഹമ്മദ് ഷമിയും ക്രീസില്‍. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 361 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
രക്ഷകരായി പന്തും പൂജാരയും
മൂന്നിന് 125 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലെത്തിയ ഇന്ത്യക്കായി ആദ്യ മണിക്കൂറില്‍ ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും പിടിച്ചു നിന്നു. ഇന്ത്യന്‍ സ്കോര്‍ 150 കടന്നതിന് പിന്നാലെ ചേതേശ്വര്‍ പൂജാരയെ വീഴ്ത്തി സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. 168 പന്ത് നേരിട്ട പൂജാര 66 റണ്‍സടിച്ചശേഷമാണ് പുറത്തായത്. ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി തകര്‍ത്തടിക്കാതെ പിടിച്ചു നിന്ന് കളിച്ച പന്ത് അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ പ്രതീക്ഷ കാത്തു.
നിരാശപ്പെടുത്തി ശ്രേയസ്
തുടര്‍ച്ചയായ രണ്ടാം അവസരത്തില്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിലേതുപോലെ മികച്ച തുടക്കമിട്ടശേഷമാണ് ശ്രേയസ് ഇംഗ്ലണ്ടിന്‍റെ ഷോട്ട് ബോള്‍ തന്ത്രത്തില്‍ വീണത്. ശ്രേയസിനെതിരെ തുടര്‍ച്ചായയി ഷോട്ട് പിച്ച് പന്തുകളെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാര്‍ ഒടുവില്‍ ഒരു ഷോട്ട് ബോളില്‍ ശ്രേയസിനെ മടക്കി. 26 പന്തില്‍ 19 റണ്‍സാണ് ശ്രേയസിന്‍റെ സംഭാവന.
ലീച്ചിന്‍റെ മധുരപ്രതികാരം
ആദ്യ ഇന്നിംഗ്സില്‍ തന്നെ തല്ലിയോടിച്ച റിഷഭ് പന്തിനെ മടക്കി ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ കാത്തു. ഇന്ത്യന്‍ സ്കോര്‍ 200 കടക്കും മുമ്പ് ലീച്ചിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പന്തിനെ സ്ലിപ്പില്‍ ജോ റൂട്ട് പിടകൂടി. പിന്നാലെ ഷര്‍ദ്ദുല്‍ ഠാക്കൂറും(4) മടങ്ങിയെങ്കിലും ജഡേജയും ഷമിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ലഞ്ചിന് പിരിയുമ്പോള്‍ 229 റണ്‍സിലെത്തിച്ചു.
ലഞ്ചിനുശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ച് ജഡേജ നടത്തുന്ന പോരാട്ടം മത്സരത്തില്‍ നിര്‍ണായകമാകും. 400ന് മുകളില്‍ ലീഡ് നേടി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും മാറ്റി പോട്സും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ ആന്‍ഡേഴ്സണും ലീച്ചും സ്റ്റോക്സും ഓരോ വിക്കറ്റ് വീതമെടുത്തു.
