കരിയറിലെ 11-ാം ടെസ്റ്റ് ശതകവുമായി എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ജോണി ബെയ്ർസ്റ്റോ
എഡ്‍ജ്‍ബാസ്റ്റണ്‍: എഡ്‍ജ്‍ബാസ്റ്റണില്‍ ഇംഗ്ലണ്ടും ഇന്ത്യയും(ENG vs IND 5th Test) തമ്മില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍ വിരാട് കോലി-ജോണി ബെയ്ർസ്റ്റോ(Virat Kohli sledges Jonny Bairstow) വാക്പോര് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ബെയ്ർസ്റ്റോ പിന്നീട് തകർപ്പനടികളുമായി ഈ വർഷത്തെ അഞ്ചാം സെഞ്ചുറി കുറിക്കുന്നതാണ് എഡ്‍ജ്‍ബാസ്റ്റണില്‍ കണ്ടത്. ഇതിനെക്കുറിച്ച് വേറിട്ട ട്വീറ്റാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വീരേന്ദർ സെവാഗ്(Virender Sehwag) പങ്കുവെച്ചത്.
'കോലി സ്ലെഡ്ജ് ചെയ്യുന്നതിന് മുമ്പ് ബെയ്ർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് 21 മാത്രമായിരുന്നു. എന്നാല്‍ കോലിയുടെ ചൂടാവലിന് ശേഷം സ്ട്രൈക്ക് റേറ്റ് 150ലേക്ക് ഉയർന്നു എന്നായിരുന്നു' വീരുവിന്‍റെ നിരീക്ഷണം. കരിയറിലെ 11-ാം ടെസ്റ്റ് ശതകവുമായി എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ജോണി ബെയ്ർസ്റ്റോ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിനെ 284 റണ്‍സിലെത്തിച്ചത് ജോണിയുടെ ശതമാണ്.
140 പന്തില്‍ 14 ഫോറും രണ്ട് സിക്സും സഹിതം ജോണി ബെയ്ർസ്റ്റോ 106 റണ്‍സെടുത്തു. ബെയ്ർസ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പർ. 25 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സ്, 36 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സ് എന്നിവർക്കൊപ്പമുള്ള ബെയ്ർസ്റ്റോയുടെ കൂട്ടുകെട്ടുകള്‍ ഇംഗ്ലണ്ടിന് നിർണായകമായി. എങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ പുറത്തായി. ഇന്ത്യക്ക് 132 റണ്‍സിന്‍റെ നിർണായക ലീഡ് ലഭിച്ചു. ഇന്ത്യക്കായി പേസർമാരായ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും ഷർദ്ദുല്‍ ഠാക്കൂർ ഒന്നും വിക്കറ്റ് വീഴ്ത്തി.
ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു.
