കോൺവേ കൊടുങ്കാറ്റിൽ ഉലഞ്ഞ് ഇം​ഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റിൽ ആദ്യ ദിനം ന്യൂസിലൻഡിന്

Published : Jun 02, 2021, 11:17 PM IST
കോൺവേ കൊടുങ്കാറ്റിൽ ഉലഞ്ഞ് ഇം​ഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റിൽ ആദ്യ ദിനം ന്യൂസിലൻഡിന്

Synopsis

ലോർഡ്സിൻ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി കുറിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനുമാണ് കോൺവെ. 1996ൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലിയും 2004ൽ ഇം​ഗ്ലണ്ട് നായകൻ ആൻഡ്ര്യു സ്ട്രോസുമാണ് ഈ നേട്ടത്തിൽ കോൺവെയുടെ മുൻ​ഗാമികൾ.

ലോർഡ്സ്: ഇം​ഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലൻഡിന് മേൽക്കൈ. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ന്യൂസിലൻഡ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന ശക്തമായ നിലയിലാണ്. ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെ‍ഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ ഡെവോൺ കോൺവെയുടെ ബാറ്റിം​ഗ് മികവിലാണ് കിവീസ് ആദ്യദിനം തന്നെ മേൽക്കൈ നേടിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ 136 റൺസുമായി കോൺവെയും 46 റൺസോടെ ഹെന്റി നിക്കോൾസും ക്രീസിൽ. ഇം​ഗ്ലണ്ടിനായി ഓലീ റോബിൻസൺ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടി ക്രീസിലിറങ്ങിയ ന്യൂസിലൻഡിനായി കോൺവെയും ടോം ലാഥമും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി നല്ല തുടക്കമിട്ടു. എന്നാൽ 23 റൺസെടുത്ത ലാഥമിനെ ബൗൾഡാക്കി ഓലീ റോബിൻസൺ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഓപ്പണിം​ഗ് വിക്കറ്റിൽ 58 റൺസാണ് ലാഥമും കോൺവേയും കൂട്ടിച്ചേർത്തത്. നായകൻ കെയ്ൻ വില്യംസൺ ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ജെയിംസ് ആൻഡേഴ്സന് മുന്നിൽ പിഴച്ചു.

ആൻഡേഴ്സന്റെ പന്തിൽ വില്യംസൺ(13) ബൗൾഡാവുമ്പോൾ കിവീസ് സ്കോർ ബോർഡിൽ 86 റൺസെ ഉണ്ടായിരുന്നുള്ളു. റോസ് ടെയ്ലറും(14) പ്രതീക്ഷ നൽകിയശേഷം ഓലി റോബിൻസന്റെ രണ്ടാമത്തെ ഇരയായി മടങ്ങിയതോടെ കീവികൾ അധികം പറക്കില്ലെന്ന് തോന്നി. എന്നാൽ നാലാം വിക്കറ്റിൽ ഹെന്റി നിക്കോൾസിൽ പറ്റിയ പങ്കാളിയെ കണ്ടെത്തിയ കോൺവെ അരങ്ങേറ്റക്കാരന്റെ ആശങ്കകളൊന്നുമില്ലാതെ ഇം​ഗ്ലീഷ് പേസാക്രമണത്തെ നേരിട്ടതോടെ കീവികൾ ചിറകടിച്ചുയർന്നു.

പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നിക്കോൾസ്-കോൺവെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയർത്തിയതോടെ ഇം​ഗ്ലണ്ടിന്റെ പിടി അയഞ്ഞു. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിച്ച കോൺവേ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ കിവീസ് താരമായി.  

ബൗളർമാർക്ക് കാര്യമായ ആനൂകൂല്യം ലഭിക്കാത്ത പിച്ചിൽ നാലു പേസർമാരുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിന്റെ തന്ത്രവും തിരിച്ചടിച്ചു. ബ്രോഡും മാർക്ക് വുഡും നിരാശപ്പെടുത്തിയതോടെ പാർട്ട് ടൈം സ്പിന്നറായ ഇം​ഗ്ലണ്ട് നായകൻ ജോ റൂട്ടിന് 12 ഓവർ എറിയേണ്ടിവന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍