വില്യംസണിനെ കുടുക്കാന്‍ എനിക്ക് വ്യക്തമായ പദ്ധിയുണ്ട്; കെണിയെ കുറിച്ച് സിറാജ്

By Web TeamFirst Published Jun 2, 2021, 8:40 PM IST
Highlights

കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് സിറാജ് അരങ്ങേറിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് മൂന്ന് ടെസ്റ്റുകില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തി.

മുംബൈ: ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ടീമില്‍ തന്റേതായിട്ടുള്ള ഒരിടം കണ്ടെത്താന്‍ മുഹമ്മദ് സിറാജിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് സിറാജ് അരങ്ങേറിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സിറാജ് മൂന്ന് ടെസ്റ്റുകില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറും സിറാജായിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും സിറാജുണ്ട്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ ടീമിനൊപ്പമുള്ള സാഹചര്യത്തില്‍ സിറാജിന് അവസരം ലഭിക്കുമോ എന്നുള്ളത് ഉറപ്പില്ല. കിവീസിനെതിരെ അവസരം ലഭിക്കുകയാണെങ്കില്‍ അവരുടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ കുടുക്കാന്‍ വ്യക്തമായ പദ്ധതിയുണ്ടെന്ന് സിറാജ് വ്യക്തമാക്കി. 

സിറാജ് പറയുന്നതിങ്ങനെ... ''ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പേസും ബൗണ്‍സും ലഭിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ പന്ത് കൂടുതല്‍ സ്വിങ് ചെയ്യും. ബാറ്റ്‌സ്മാനെ ഫ്രണ്ട് ഫൂട്ടില്‍ കളിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുക. നിരന്തരം ഡോട്ട് ബൗളുകള്‍ എറിഞ്ഞുകൊണ്ടിരിക്കണം. കൂടുതല്‍ ഡോട്ട് ബൗളുകളുണ്ടാവുമ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിന് അടിമപ്പെടും. ഇതോടെ ഷോട്ടുകള്‍ കളിക്കാന്‍ വില്യംസണ്‍ നിര്‍ബന്ധിതനാവും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കമെന്നാണ് ഞാന്‍ കരുതുന്നത്.'' സിറാജ് വ്യക്തമാക്കി.

ബൗളിംഗ് ശൈലിയിലെ മാറ്റത്തെ കുറിച്ചും സിറാജ് സംസാരിച്ചു. ''സാങ്കേതികമായ മാറ്റമായിരുന്നില്ല അത്. മുമ്പ് എനിക്ക് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ മാനസികമായ തളര്‍ച്ച നേരിട്ടിരുന്നു. പിന്നീട് ഞാനത് മറികടന്നു. പിന്നീട് ഫിറ്റ്‌നെസില്‍ ശ്രദ്ധിച്ചു. ജിമ്മില്‍ ഒരുപാട് സമയം ചെലവിട്ടു. അതിലൂടെയാണ് എന്റെ ബൗളിങ്ങില്‍ ഫലപ്രദമായ മാറ്റമുണ്ടായത്.'' സിറാജ് വ്യക്തമാക്കി.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളറാണ് സിറാജ്. പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്ലില്‍ മികച്ച പ്രകടനാണ് സിറാജ് പുറത്തെടുത്തത്. സിറാജിന്റെ ഈ മാറ്റം ക്രിക്കറ്റ് നിരീക്ഷകര്‍ക്കും അത്ഭുതമായിരുന്നു.

click me!