
ബർമിംഗ്ഹാം: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്ഡത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. 67 റൺസുമായി ഡാനിയേൽ ലോറൻസും 16 റൺസോടെ മാർക്ക് വുഡും ക്രീസിൽ. 81 റൺസെടുത്ത ഓപ്പണർ റോറി ബേൺസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
ഓപ്പണിംഗ് വിക്കറ്റിൽ 72 റൺസെടുത്ത് ഡൊമനിക് സിബ്ലിയും റോറി ബേൺസും മികച്ച തുടക്കമിട്ടെങ്കിലും ഇംഗ്ലണ്ട് മധ്യനിരക്ക് അത് മുതലാക്കാനായില്ല.സിബ്ലിയെ(35) മടക്കി മാറ്റ് ഹെന്റിയാണ് ഇംഗ്ലണ്ടിന്റെ തകർച്ച തുടങ്ങിവെച്ചത്. ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ സാക്ക് ക്രോളിയെ(0) വീഴ്ത്തി വാഗ്നർ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേൽപ്പിച്ചു.
ക്യാപ്റ്റൻ ജോ റൂട്ടിനും ക്രീസിൽ അധികം ആയുസുണ്ടായില്ല. നാലു റൺസെടുത്ത റൂട്ടിനെയും മാറ്റ് ഹെന്റിയാണ് വീഴ്ത്തിയത്. ഓലി പോപ്പ്(19) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അജാസ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.ജെയിംസ് ബ്രേസിയെയും(0) റോറി ബോൺസിനെയും ബോൾട്ട് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് കൂട്ടത്തകർച്ചയിലായി.
എന്നാല് ഓലീ സ്റ്റോണിനെയും(20) മാർക്ക് വുഡിനെയും(16 നോട്ടൗട്ട്) കൂട്ടുപിടിച്ച് ലോറൻസ് നടത്തിയ ചെറുത്തുനിൽപ്പ് ഇംഗ്ലണ്ടിനെ 250 കടത്തി. കിവീസിനായി ബോൾട്ടും ഹെന്റിയും അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!