വനിതാ ടി20: ഇന്ത്യക്ക് തുടക്കം മുതലാക്കാനായില്ല, മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

By Web TeamFirst Published Jul 11, 2021, 9:13 PM IST
Highlights

ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടി20യില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന് ജയിച്ചിരുന്നു.

ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സ് നേടിയത്. 48 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആറ് ഓവറില്‍ രണ്ടിന് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്.

മൂന്ന് റണ്‍സെടുത്ത ഡാനിയേല്‍ വ്യാട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. അരുന്ദതി റെഡ്ഡിയുടെ  പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ക്യാച്ച് നല്‍കിയാണ് വ്യാട്ട് മടങ്ങിയത്. പിന്നാലെ ഒരു റണ്‍സെടുത്ത നതാലി സ്‌കിവര്‍ റണ്ണൗട്ടായി. ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് (35), താമി ബ്യൂമോണ്ട് (3) എന്നിവരാണ് ക്രീസില്‍. 

നേരത്തെ ഷെഫാലിയും സ്മൃതി മന്ഥാനയും (20) നല്‍കിയ തുടക്കം ഇന്ത്യക്ക് മുതലാക്കാന്‍ കഴിയാതെ വരികയായിരുന്നു. ഇരുവരും 8.5 ഓവറില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവര്‍ക്ക് റണ്‍നിരക്ക് കൂട്ടാന്‍ കഴിഞ്ഞി്ല്ല. മൂന്ന് പന്തുകള്‍ക്കിടെയാണ് ഇന്ത്യന്‍ ഓപ്പമര്‍മാര്‍ മടങ്ങിയത്. മൂന്നാമതായി ക്രിസീലെത്തിയ ഹര്‍മന്‍പ്രീത് 25 പന്തില്‍ 31 റണ്‍സെടുത്തു. രണ്ട് വീതം സിക്‌സും ഫോറും ഇതില്‍ ഉള്‍പ്പെടും. 

എന്നാല്‍ ദീപ്തി ശര്‍മ (27 പന്തില്‍ 23), റിച്ചാ ഘോഷ് (9 പന്തില്‍ പുറത്താവാതെ 8) എന്നിവര്‍ നിരാശപ്പെടുത്തി. സ്‌നേഹ് റാണ (8) പുറത്താവാതെ നിന്നു. സ്‌കിവര്‍, സാറാ ഗ്ലെന്‍, ഫ്രേയ ഡേവിസ്, മാഡി വില്ലിയേഴ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.  

ആദ്യ ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടി20യില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന് ജയിച്ചിരുന്നു. 

ടീം ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്‌നേഹ് റാണ, അരുന്ദതി റെഡ്ഡി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്.

click me!