രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന് നാണംകെട്ട തോൽവി; ഇം​ഗ്ലണ്ടിന് പരമ്പര

By Web TeamFirst Published Jul 11, 2021, 12:03 AM IST
Highlights

തുടർച്ചയായ രണ്ടാം തോൽവിയോടെ മൂന്ന് മത്സര പരമ്പര ഇം​ഗ്ലണ്ട് 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 13ന് ബർമിം​ഗ്ഹാമിൽ നടക്കും.

ലണ്ടൻ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇം​ഗ്ലണ്ടിന്റെ രണ്ടാം നിരക്കെതിരെ പാക്കിസ്ഥാന് 52 റൺസിന്റെ നാണംകെട്ട തോൽവി. ഇം​ഗ്ലണ്ട് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 41 ഓവറിൽ 195 റൺസെടുക്കാനെ കഴിഞ്ഞുള്ളു. തുടർച്ചയായ രണ്ടാം തോൽവിയോടെ മൂന്ന് മത്സര പരമ്പര ഇം​ഗ്ലണ്ട് 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 13ന് ബർമിം​ഗ്ഹാമിൽ നടക്കും. സ്കോർ ഇം​ഗ്ലണ്ട് 45.5 ഓവറിൽ 247ന് ഓൾ ഔട്ട്, പാക്കിസ്ഥാൻ 41 ഓവറിൽ 195ന് ഓൾ ഔട്ട്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഓപ്പണർ ഫിലിപ്പ് സാൾട്ടിന്റെയും(60), ജെയിംസ് വിൻസിന്റെയും(56) അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്(22), ലൂയിസ് ​ഗ്രി​ഗറി(40), ബ്രൈഡോൺ കാഴ്സ്(31) എന്നിവരും ഇം​ഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാനുവേണ്ടി ഹസൻ അലി 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോൾ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിം​ഗിൽ പാക്കിസ്ഥാൻ തുടക്കത്തിലെ തകർന്നടിഞ്ഞു. ഇമാമുൾ ഹഖ്(1), ഫഖർ സമൻ(10), ക്യാപ്റ്റൻ ബാബർ അസം(19), മുഹമ്മദ് റിസ്വാൻ(5) എന്നിവരെ തുടക്കത്തിലെ നഷ്ടമായതോടെ പാക്കിസ്ഥാൻ 53-4ലേക്ക് കൂപ്പുകുത്തി. സൗദ് ഷക്കീലിനൊപ്പം(56) ഷൊയൈബ് മഖ്സൂദ്(19), ഷദാബ് ഖാൻ(21), ഹസൻ അലി(31), ഷഹീൻ അഫ്രീദി(18 നോട്ടൗട്ട്) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് പാക്കിസ്ഥാനെ 150 കടത്തിയത്.

ഇം​ഗ്ലണ്ടിനായി ലൂയിസ് ​ഗ്രി​ഗറി മൂന്നും സാക്കിബ് മഹമൂദ്, ലൂയിസ് ​ഗ്രി​ഗറി, ക്രെയ്​ഗ് ഓവർടൺ, പാർക്കിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിച്ച ടീമിലെ മൂന്ന് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒമ്പത് പുതുമുഖങ്ങളുമായി ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിലുളള ഇം​ഗ്ലണ്ട് ടീമാണ് പാക്കിസ്ഥാനെതിരായ പരമ്പരയിൽ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!