'സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ഒപ്പമുള്ളപ്പോഴും ഒറ്റയ്‌ക്കായി'; മാനസിക സമ്മര്‍ദ്ദങ്ങള്‍ വെളിപ്പെടുത്തി കോലി

By Jomit JoseFirst Published Aug 19, 2022, 10:12 AM IST
Highlights

ടീമിലെ സ്ഥാനംപോലും ചോദ്യംചെയ്യപ്പെട്ട് നിൽക്കുന്ന സമയത്താണ് താൻ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് വിരാട് കോലി തുറന്ന് പറഞ്ഞത്

മുംബൈ: കരിയറിലുടനീളം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി. 2014ൽ വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും കോലി വെളിപ്പെടുത്തി. 

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോലി. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ടെങ്കിലും കുറെനാളുകളായി റൺകണ്ടെത്താൻ പാടുപെടുകയാണ് മുൻ നായകൻ. 2019ന് ശേഷം ഇതുവരെ സെഞ്ചുറിയിലേക്ക് എത്താനായിട്ടില്ല. ടീമിലെ സ്ഥാനംപോലും ചോദ്യംചെയ്യപ്പെട്ട് നിൽക്കുന്ന സമയത്താണ് താൻ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ച് വിരാട് കോലി തുറന്ന് പറഞ്ഞത്. 

'എന്നെ സ്‌നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ഒപ്പമുള്ളപ്പോഴും ഒറ്റയ്ക്കായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. ഇത് ഗുരുതര പ്രശ്‌നമാണ്. എപ്പോഴൊക്കെ ശക്തനാകാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോൾ തന്നെ ഇന്ന് റണ്‍സെടുക്കാനാവില്ല എന്ന തോന്നല്‍ മനസിലുടലെടുക്കും. ഇങ്ങനെ 2014ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ വിഷാദരോഗം തന്നെ കീഴ്പ്പെടുത്തി. കായികതാരങ്ങൾക്ക് സമ്മര്‍ദ്ദം സര്‍വസാധാരണമാണെന്നും ഇതില്‍ നിന്ന് മോചനം നേടാന്‍ വിശ്രമം അത്യാവശ്യമാണെന്നും' കോലി പറഞ്ഞു. 

ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള പരിശീലനത്തിലാണ് വിരാട് കോലി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ട്വന്‍റി 20 ലോകകപ്പ് മുന്‍നിര്‍ത്തി ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഫോമില്ലായ്‌മയുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന കോലി വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യാ കപ്പില്‍ ഇറങ്ങാനൊരുങ്ങുന്നത്. 2019 നവംബറിന് ശേഷം സെഞ്ചുറി നേടാത്ത കോലിക്ക് ഏഷ്യാ കപ്പിലെ പ്രകടനം ടി20 ലോകകപ്പിന് മുമ്പ് നിര്‍ണായകമാകും. മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍സി കോലി നേരത്തെ ഒഴിഞ്ഞിരുന്നു. 

ഏഷ്യാ കപ്പില്‍ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ദിവസങ്ങള്‍ മുമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 'വിരാട് കോലി പരിശീലനം നടത്തട്ടേ, മത്സരങ്ങള്‍ കളിക്കട്ടേ. ടീമിനായി ഏറെ റണ്‍സ് സ്കോർ ചെയ്തിട്ടുള്ള വമ്പന്‍ താരമാണ് കോലി. അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏഷ്യ കപ്പില്‍ താരം ഫോം കണ്ടെത്തുമെന്ന് കരുതുന്നു'- ഇതായിരുന്നു ദാദയുടെ വാക്കുകള്‍. 

ഏഷ്യാ കപ്പ് ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

'ഏഷ്യാ കപ്പില്‍ വിരാട് കോലി ഫോമിലെത്തും'; കട്ട സപ്പോർട്ടുമായി സൗരവ് ഗാംഗുലി

click me!