Asianet News MalayalamAsianet News Malayalam

'ഏഷ്യാ കപ്പില്‍ വിരാട് കോലി ഫോമിലെത്തും'; കട്ട സപ്പോർട്ടുമായി സൗരവ് ഗാംഗുലി

ഫോമില്ലായ്മയില്‍ വിമർശനം നേരിടുന്ന വിരാട് കോലിയെ പിന്തുണച്ച് ഗാംഗുലി നേരത്തെയും രംഗത്തെത്തിയിരുന്നു

I hope Virat Kohli will find form in Asia Cup 2022 says BCCI President Sourav Ganguly
Author
Mumbai, First Published Aug 16, 2022, 11:53 AM IST

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 'വിരാട് കോലി പരിശീലനം നടത്തട്ടേ, മത്സരങ്ങള്‍ കളിക്കട്ടേ. ടീമിനായി ഏറെ റണ്‍സ് സ്കോർ ചെയ്തിട്ടുള്ള വമ്പന്‍ താരമാണ് കോലി. അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏഷ്യ കപ്പില്‍ താരം ഫോം കണ്ടെത്തുമെന്ന് കരുതുന്നു' എന്നും സ്പോർട്സ് ടോക്കില്‍ ദാദ പറഞ്ഞു. യുഎഇയില്‍ ഓഗസ്റ്റ് 27 മുതല്‍ ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുക. 

ഫോമില്ലായ്മയില്‍ വിമർശനം നേരിടുന്ന വിരാട് കോലിയെ പിന്തുണച്ച് ഗാംഗുലി നേരത്തെയും രംഗത്തെത്തിയിരുന്നു. ഗാംഗുലി മാത്രമല്ല ലങ്കന്‍ മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ മഹേല ജയവർധനെയും ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാനും കോലിക്ക് അടുത്തിടെ പരസ്യ പിന്തുണ നല്‍കിയിരുന്നു. 

രണ്ടര വ‌ർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് വിരാട് കോലി. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര ശതകം. കഴിഞ്ഞ ഐപിഎല്‍ സീസണും ഇന്ത്യന്‍ മുന്‍ നായകന് കനത്ത നിരാശയാണ് സമ്മാനിച്ചത്. ഈ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോലി ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി 20യിലുമെല്ലാം മോശം ഫോമിലുള്ള കോലി വിൻഡീസിനും സിംബാബ്‍വെക്കുമെതിരായ പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യ കപ്പിൽ മടങ്ങിവരാനൊരുങ്ങുന്നത്.

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഓഗസ്റ്റ് 27ന് യുഎഇയില്‍ തുടങ്ങുക. ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളും ടീം ഇന്ത്യക്കുണ്ട്. ഈ പരമ്പരകള്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഏഷ്യാ കപ്പിലും ശേഷം ഈ പരമ്പരകളിലും തിളങ്ങിയില്ലെങ്കില്‍ ടി20 ലോകകപ്പില്‍ കോലിയുടെ സ്ഥാനം വലിയ ചോദ്യചിഹ്നമാകും. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

സിംബാബ്‍വെ പര്യടനം: ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി, സ്റ്റാർ യുവതാരം പുറത്ത്- റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios