ഐസിസി അംഗത്വം പോലും പോകുമെന്ന അവസ്ഥ; ആ കാലം മുതൽ ഇന്നത്തെ ഇന്ത്യൻ ടീം വരെ, വിസ്മരിക്കാനാവില്ല നെഹ്റുവിനെ!

Published : Nov 19, 2023, 12:06 AM IST
ഐസിസി അംഗത്വം പോലും പോകുമെന്ന അവസ്ഥ; ആ കാലം മുതൽ ഇന്നത്തെ ഇന്ത്യൻ ടീം വരെ, വിസ്മരിക്കാനാവില്ല നെഹ്റുവിനെ!

Synopsis

 പാർട്ടിയും പ്രവർത്തകരും എതിർത്തു. പലയിടത്തും നെഹ്റു ചോദ്യം നേരിടേണ്ടി വന്നു. പക്ഷേ, ആ തീരുമാനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി മറ്റൊന്നാക്കി.

ഇന്ന് ലോക ക്രിക്കറ്റിലെ സൂപ്പർ പവറാണ് ഇന്ത്യ. അത് ഏറ്റവും സാമ്പന്നമായ ക്രിക്കറ്റ് ബോർഡുള്ളതുകൊണ്ട് മാത്രമല്ല, മറിച്ച് ശക്തരായ വൻ താരനിരയാണ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലുള്ളത് എന്നതുകൊണ്ടുകൂടിയാണ്. പക്ഷേ, ഈ ടീം കരുത്ത് പെട്ടെന്നങ്ങ് ഉണ്ടായി വന്നതല്ല. അതിന് കാലങ്ങളുടെ പഴക്കവും ചരിത്രവുമുണ്ട്. അതിലൊന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ക്രിക്കറ്റ് താൽപര്യവുമായി കൂടി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലെ അംഗത്വ നഷ്ടത്തിൽനിന്നും രക്ഷിച്ചതടക്കം ഇന്ത്യൻ ക്രിക്കറ്റിനെ ഒരു ജനകീയ വിനോദമാക്കുന്നതിൽ നെഹ്റു ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് സമാനതകളില്ലാത്ത ഒരു വലിയ പ്രശ്നം നേരിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റ് ബോഡിയിലെ അംഗത്വം നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയുണ്ടായി. ബ്രിട്ടീഷ് കോമൺവെൽത്തിൽ അംഗങ്ങളല്ലാത്തവർക്ക് ഐസിസി അംഗത്വം നൽകില്ലെന്നായിരുന്നു അന്നത്തെ തീരുമാനം. ഇന്ത്യയിലാകട്ടെ ബ്രിട്ടണുമായിട്ടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ക്രിക്കറ്റ് ടീം പ്രതിസന്ധിയിലായി. 

നെഹ്റുവിന് നിർണായകമായ രാഷ്ട്രീയ തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നു. കോമൺവെൽത്തിൽ തുടരാൻ തീരുമാനമായി. പാർട്ടിയും പ്രവർത്തകരും എതിർത്തു. പലയിടത്തും നെഹ്റു ചോദ്യം നേരിടേണ്ടി വന്നു. പക്ഷേ, ആ തീരുമാനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി മറ്റൊന്നാക്കി. ഇന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലെന്നും അന്ന് ഇംപീരിയൽ ക്രിക്കറ്റ് കോൺ‌ഫറൻ‌സെന്നും അറിയപ്പെട്ട ഐസിസിയിൽ ഇന്ത്യ താൽക്കാലികമായി തുടർന്നു. ഐസിസി വീണ്ടും യോഗം ചേർന്നപ്പോഴേക്കും ഇന്ത്യ റിപ്പബ്ലിക്കായി.

നെഹ്റുവിന്റെ ക്രിക്കറ്റ് അഭിനിവേശത്തിനും ഉദാഹരണങ്ങൾ ഏറെയാണ്. അതിനുള്ള വിത്ത് പാകപ്പെട്ടത് 1905 മുതൽ 1907 വരെയുണ്ടായ യുകെയിലെ വിദ്യാഭ്യാസകാലത്താണ്. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് എലീറ്റ് ഇന്ത്യൻ രക്ഷിതാക്കൾക്കുണ്ടായ പാശ്ചാത്യ അഭിനിവേശത്തിന്റെ ഭാഗമായാണ് മോട്ടിലാൽ നെഹ്റുവിന്റെ മകൻ‌ ജവഹർലാൽ നെഹ്റുവിനെ യുകെ വിദ്യാഭ്യാസത്തിന് അയച്ചത്. യുകെയിലെ ഹാരോ സ്കൂളിൽ ചേർന്ന ജവഹർലാൽ എന്ന ചെറുപ്പക്കാരൻ സ്പോർട്സിലും പങ്കെടുത്തു. ക്രിക്കറ്റും ഫുഡ്ബോളും കളിച്ചു. ചെസ് ക്ലബ്ബിൽ ചേർന്നു.  അന്ന് തുടങ്ങിയ ക്രിക്കറ്റ് ഭ്രമം ഇന്ത്യൻ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുമ്പോഴും തുടർന്നു. 

അതിങ്ങനെയാണ്, 1953ൽ ദില്ലിയിൽ വച്ച് പ്രൈംമിനിസ്റ്റേഴ്സ് ഇലവനും വൈസ് പ്രസിഡന്റ് ഇലവനും തമ്മിൽ ഒരു ദ്വിദിന ചാരിറ്റി മാച്ച് നടത്തി. വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ ബിഹാർ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെ സഹായിക്കാൻ ഫണ്ട് റെയ്സിങ് ലക്ഷ്യത്തോടെയായിരുന്നു മാച്ച്. പ്രൈംമിനിസ്റ്റേഴ്സ് ഇലവന്റെ ക്യാപ്റ്റനായിരുന്നു നെഹ്റു. ക്യാപ്റ്റൻ മാത്രമല്ല കളിയുടെ കമന്റേറ്ററും. കളിക്കളത്തിലിറങ്ങിയ നെഹ്റു ബാറ്റും ബോളും ചെയ്തു. മത്സരം സമനിലയിൽ കലാശിച്ചു. 40 വർഷത്തിന് ശേഷം ബാറ്റ് കയ്യിലെടുത്ത നെഹ്റു ഒരു പ്രൊഫഷണൽ കളിക്കാരനെപ്പോലെ തോന്നിപ്പിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മത്സരത്തിന് ശേഷം ബാറ്റും സ്കോർ ബുക്കും ലേലത്തിന് വെച്ചു. ലേലത്തിനും നെഹ്റു നേതൃത്വം നൽകി. നെഹ്റുവിന്റെ കളക്ഷനിലെ രണ്ട് ബാറ്റുകളും ലേലത്തിന്റെ ഭാഗമായുണ്ടായിരുന്നു. 1948 നവംബറിൽ ഇന്ത്യയുടെയും വെസ്റ്റ്ഇൻഡീസിന്റെയും ക്രിക്കറ്റ് ടീമുകളിലെ കളിക്കാർ ഒപ്പിട്ട ബാറ്റായിരുന്നു അതിലൊന്ന്. അതിന് മുമ്പ് നടന്ന ടെസ്റ്റ് മാച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാമത്തെ ബാറ്റ് 1950ൽ ഇന്ത്യ സന്ദർശിച്ച കോമൺവെൽത്ത് ടീം ഒപ്പിട്ടതും.

പിന്നീട് രാഷ്ട്രീയ ജീവിതത്തിലും കളിയും രാഷ്ട്രീയവും ഇടകലർന്നു. 1960-61ലെ തണുപ്പുകാലത്ത് പാക് ക്രിക്കറ്റ് ടീം ടെസ്റ്റ് സീരീസിനായി ഇന്ത്യയിലെത്തി. പാക് ടീമിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവായിരുന്നു അത്. അഞ്ച് കളികളിലും സമനില. ഇരുടീമുകൾക്കും നെഹ്റുവിന്റെ ആശംസയെത്തി. പാക് ടീമിനെയും ഇന്ത്യൻ സന്ദർശനത്തെയും  എടുത്തുപറഞ്ഞായിരുന്നു ആസംശ. കളിക്കിടെ ചില അനിഷ്‍ട സംഭവങ്ങളുണ്ടായി. ഇന്ത്യൻ കളിക്കാർ ഫീൽഡ് ചെയ്യുമ്പോൾ ആൾക്കൂട്ടത്തിൽനിന്നും ആക്രോശങ്ങളുയർന്നു. 

Read more:  അന്ന് ദ്രാവിഡിനത് സാധിച്ചില്ല! ഇന്ന് രോഹിത് പറയുന്നു, ഇത്തവണ സാധ്യമാവും; കോച്ചിനെ പ്രകീര്‍ത്തിച്ച് നായകന്‍

ഇതിൽ പരാതികളുയർന്നു. ഇതിൽ ഇടപെട്ട നെഹ്റു അന്നത്തെ ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ എംഎ ചിദംബരത്തിന് ഇങ്ങനെയെഴുതി, 'ക്രിക്കറ്റ് എന്ന വാക്കിനുതന്നെ ഇംഗ്ലീഷിൽ നല്ല സ്പോർട്സ്മാൻഷിപ്പെന്നാണ് അർത്ഥം. ആ സ്പിരിറ്റിലാണ് ക്രിക്കറ്റ് കളിക്കേണ്ടത്. തീർച്ചയായും നമ്മൾ ജയിക്കാനാണ് കളിക്കുന്നത്. അതിനുവേണ്ടി പരമാവധി ശ്രമിക്കുകയും ചെയ്യും. എന്നാൽ, അതിലൊക്കെ ഉപരിയായി നമ്മൾ ക്രിക്കറ്റ് കളിക്കേണ്ടത് സ്പോർട്സ്മാൻഷിപ്പിനെ അതിന്റെ അത്യുന്നതിയിൽ കാത്തുസൂക്ഷിക്കുന്നതിനായാണ്'.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?