'എറിഞ്ഞ് തളർത്തരുത് അവനെ', മറ്റുള്ളവരും അവസരത്തിനൊത്ത് ഉയരണം, ബുമ്രയെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

Published : Jun 22, 2025, 03:03 PM IST
Dinesh Karthik

Synopsis

സമ്മര്‍ദ്ദത്തിലാവുമ്പോഴും വിക്കറ്റ് വീഴ്ത്തേണ്ടപ്പോഴുമെല്ലാം ക്യാപ്റ്റൻ ബുമ്രയെ ആണ് പന്തെറിയാന്‍ വിളിക്കുന്നത്. അതൊരു ശീലമാക്കരുത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയെക്കൊണ്ട് കൂടുതല്‍ ഓവര്‍ എറിയിക്കേണ്ടി വരുന്നതില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ താരം ദിനേശ് കാര്‍ത്തിക്. ബുമ്രയെ എറിഞ്ഞു തളര്‍ത്തരുതെന്നും മറ്റ് ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരണമെന്നും കാര്‍ത്തിക് രണ്ടാം ദിനത്തിലെ കളിക്കുശേഷം ക്രിക് ബസിനോട് പറഞ്ഞു. രണ്ടാം ദിനം ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ വീണ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ജസ്പ്രീത് ബുമ്രയായിരുന്നു.

ബുമ്രയും മറ്റ് ഇന്ത്യൻ ബൗളര്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഇക്കാര്യം ഇംഗ്ലണ്ട് ടീമിനും നന്നായി അറിയാം. അതുകൊണ്ടാണവര്‍ ബുമ്രയുടെ ഓവറുകള്‍ അതിജീവിക്കാന്‍ ശ്രമിച്ച് മറ്റ് ബൗളര്‍മാരെ പ്രഹരിക്കുന്നത്. ഒരു ടീമിന്‍റെ ഭാരം മുഴുവന്‍ ബുമ്രയുടെ ചുമലുകളിലാണ്. ഇങ്ങനെ എറിഞ്ഞു തളര്‍ന്നാല്‍ ബുമ്രക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഓസ്ട്രേലിയയില്‍ സംഭവിച്ചത് അതാണ്. 60 ഓവര്‍ മാത്രം കളി നടന്നൊരു മത്സരത്തില്‍ ഇപ്പോള്‍ തന്നെ 13 ഓവറുകള്‍ ബുമ്ര എറിഞ്ഞു കഴിഞ്ഞു.

സമ്മര്‍ദ്ദത്തിലാവുമ്പോഴും വിക്കറ്റ് വീഴ്ത്തേണ്ടപ്പോഴുമെല്ലാം ക്യാപ്റ്റൻ ബുമ്രയെ ആണ് പന്തെറിയാന്‍ വിളിക്കുന്നത്. അതൊരു ശീലമാക്കരുത്. മറ്റ് ബൗളര്‍മാരും അവസരത്തിനൊത്ത് ഉയരണം. പന്ത് എനിക്കു തരൂ, വിക്കറ്റ് വീഴ്ത്താന്‍ ഇതാണെന്‍റെ പ്ലാന്‍ എന്ന് പറഞ്ഞ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കാര്‍ത്തിക് പറഞ്ഞു. രണ്ടാം ദിനം ഇംഗ്ലണ്ട് നിരയില്‍ വീണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് ബുമ്രയായിരുന്നു. ബുമ്രയുടെ പന്തില്‍ രണ്ട് ക്യാച്ചുകള്‍ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ പാഴാക്കുകയും ചെയ്തു. അവസാന ഓവറുകളില്‍ ഹാരി ബ്രൂക്കിനെയും ബുമ്ര പുറത്താക്കിയെങ്കിലും നോ ബോളായത് തിരിച്ചടിയായി.

രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 471 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 209-3 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. സെഞ്ചുറിയുമായി ഒല്ലി പോപ്പ് ക്രിസിലുണ്ട്. റണ്ണൊന്നുമെടുക്കാതെ ഹാരി ബ്രൂക്ക് ആണ് പോപ്പിനൊപ്പം ക്രീസിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍