
കൊല്‍ക്കത്ത: ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച വിരാട് കോലിക്കും രോഹിത് ശര്‍മക്കും 2027 ഏകദിന ലോകകപ്പ് വരെ ഏകദിനങ്ങളില്‍ തുടരാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പ് കഴിഞ്ഞ മാസമാണ് കോലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇരുവരും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 2027 ലോകകപ്പില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഏകദിനങ്ങളില്‍ തുടരുന്നത്. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്ന് ഗാംഗുലി പറഞ്ഞു.
2027ലെ ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിന മത്സരങ്ങളിലാണ് ഇനി കളിക്കുക. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം നേടണമെങ്കില്‍ ഇരുവരും ഇതില്‍ എല്ലാ മത്സരങ്ങളിലും കളിക്കേണ്ടിവരും. ഒരു വര്‍ഷം ശരാശരി 15 മത്സരങ്ങളെങ്കിലും ഇരുവരും കളിക്കേണ്ടിവരും. അത് അത്ര എളുപ്പമായിരിക്കില്ല. പതുക്കെ പതുക്കെ ക്രിക്കറ്റ് അവരില്‍ നിന്നും അവര്‍ ക്രിക്കറ്റില്‍ നിന്നും അകന്നുപോകുമെന്നും ഗാംഗുലി പിടിഐയോട് പറഞ്ഞു.
എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ രോഹിത്തിനെയും കോലിയെയും ഉപദേശിക്കാന് ഞാന്‍ ആളല്ല. കാരണം എന്നെപ്പോലെ തന്നെ അവര്‍ക്കും കളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എപ്പോഴായാലും അവര്‍ ഒരു തീരുമാനമെടുക്കേണ്ടിവരും. എല്ലാവരെയുംപോലെ ക്രിക്കറ്റ് അവരില്‍ നിന്നുമകലും, അവര്‍ ക്രിക്കറ്റില്‍ നിന്നും എന്നും പിടിഐ ശനിയാഴ്ച പുറത്തുവിട്ട അഭിമുഖത്തിന്‍റെ ടീസറില്‍ ഗാംഗുലി വ്യക്തമാക്കി.
ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രോഹിത്തും കോലിയും ഐപിഎല്ലില്‍ നിന്ന് ഇതുവരെ വിരമിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബി കിരീടം നേടിയപ്പോള്‍ വിരാട് കോലിയായിരുന്നു ടീമിന്‍റെ ടോപ് സ്കോറര്‍. എന്നാല്‍ രോഹിത് കഴിഞ്ഞ സീസണില്‍ ഇംപാക്ട് പ്ലേയറാണ് മുംബൈക്ക് വേണ്ടി കളിച്ചത്. അടുത്ത ഏകദിന ലോകകപ്പാവുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോലിക്ക് 39 വയസുമാകും. ആ സമയത്തും കായികക്ഷമത നിലനിര്‍ത്തുക എന്നതാവും ഇരുവരെയും സംബന്ധിച്ച വലിയ വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!