സഞ്ജു ഒരിക്കല്‍ കൂടി തഴയപ്പെട്ടു, ഇനിയെന്ന് ഇന്ത്യയുടെ ഏകദിന കുപ്പായത്തില്‍?

Published : Nov 30, 2025, 07:22 PM IST
Sanju Samson

Synopsis

ശ്രേയസ് താല്‍കാലത്തേക്കെങ്കിലും ഒഴിച്ചിട്ട നാലാം സ്ഥാനത്തേക്ക് എന്തുകൊണ്ട് സഞ്ജുവിനെ കൊണ്ടുവന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ആ സ്ഥാനമാണ് പന്തിന് ലഭിക്കാന്‍ പോകുന്നത്.

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ വരുമ്പോഴെല്ലാം ചര്‍ച്ചപെടുന്ന ചെയ്യുന്ന പേരാണ് സഞ്ജു സാംസണിന്റേത്. ഇത്തവണയും അതിന് മാറ്റമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിന്റെ പേരില്ല. എന്തുകൊണ്ട് തഴയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് പ്രത്യേകിച്ച് ഉത്തരമൊന്നും സെലക്റ്റര്‍മാരുടെ ഭാഗത്ത് നിന്നില്ല. പരിക്കേറ്റ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോഴെങ്കിലും സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതി. അതുണ്ടായില്ല, പകരമെത്തിയത് ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള റിഷഭ് പന്ത്. അദ്ദേഹത്തിന് ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറല്‍.

ശ്രേയസ് താല്‍കാലത്തേക്കെങ്കിലും ഒഴിച്ചിട്ട നാലാം സ്ഥാനത്തേക്ക് എന്തുകൊണ്ട് സഞ്ജുവിനെ കൊണ്ടുവന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ആ സ്ഥാനമാണ് പന്തിന് ലഭിക്കാന്‍ പോകുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിള്‍ ശരിക്കും സഞ്ജുവിനേക്കാള്‍ കേമനാണോ പന്ത്? കണക്കുകള്‍ പരിശോധിക്കാം. ഏകദിനത്തില്‍ പന്ത് കളിച്ചത്ര മത്സരങ്ങള്‍ സഞ്ജു കളിച്ചിട്ടില്ല. അതിനുള്ള അവസരം നല്‍കിയില്ലെന്നുള്ളതാണ് വാസ്തവം. 31 ഏകദിനങ്ങള്‍ കളിച്ച പന്ത് 27 ഇന്നിംഗ്‌സുകളില്‍ ബാറ്റ് ചെയ്തു. 33.50 ശരാശരിയിലും 106.22 സ്ട്രൈക്ക് റേറ്റിലും 871 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറികളും പന്തിന്റെ ഏകദിന കരിയറിലുണ്ട്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 125 റണ്‍സ്.

ഇനി സഞ്ജുവിന്റെ കാര്യത്തിലേക്ക് വരാം. ഏറെ വൈകിയാണ് സഞ്ജുവിന് ഏകദിനം കളിക്കാനുള്ള അവസരം ലഭിക്കുന്നത്. വെറും 16 മത്സരങ്ങളില്‍ മാത്രമെ സഞ്ജുവിന് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. അതിലാവട്ടെ ബാറ്റേന്തിയത് 14 ഇന്നിംഗുസകില്‍ മാത്രം. ടി20യിലെ സ്ഥിരതയില്ലായ്മയുടെ പേരില്‍ സഞ്ജു പലപ്പോഴായി സഞ്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചു. 56.67 എന്ന ആരെയും ഞെട്ടിക്കുന്ന ശരാശരിയില്‍ 510 റണ്‍സ് ഏകദിനത്തില്‍ അദ്ദേഹം നേടി. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുണ്ട്. 108 ഉയര്‍ന്ന സ്‌കോര്‍. 99.61 സ്ട്രൈക്ക് റേറ്റ്.

മൂന്ന് ആറ് വരെയുള്ള ബാറ്റിംഗ് പൊസിഷനില്‍ സഞ്ജു കളിച്ചു. മൂന്ന് തവണ മൂന്നാം നമ്പറില്‍ കളിച്ച സഞ്ജു നേടിയത് 163 റണ്‍സ്. ശരാശരി 54.3. ഏക സെഞ്ചുറിയും മൂന്നാം നമ്പറില്‍ തന്നെ. നാലാമനായത് ഒരു തവണ. അന്ന് നേടിയത് 51 റണ്‍സ്. അഞ്ചാമനായി ആറ് ഇന്നിംഗ്സില്‍ നിന്ന് 116. ആറാം സ്ഥാനത്ത് നാല് ഇന്നിംഗ്സുകള്‍ കളിച്ചു. 180 റണ്‍സാണ് സമ്പാദ്യം. എല്ലാം തികഞ്ഞ ഒരു മധ്യനിര ബാറ്ററായിട്ട് കൂടി സഞ്ജുവിന് ഇടം ടീമിന് പുറത്ത്. യഥാര്‍ത്ഥത്തില്‍ സഞ്ജുവിനെ ഏറെ അനുയോജ്യമായ ഫോര്‍മാറ്റാണ് ഏകദിനം. എന്നാല്‍ സഞ്ജുവിനെ നേരെ കണ്ണടയ്ക്കുന്നതിലെ കാരണം മാത്രം അവ്യക്തം.

2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടുന്നത്. ആ ഇന്നിംഗ്സിന് രണ്ട് വര്‍ഷമാകുന്നു. ഇതിനിടെ ഒരു ഏകദിനത്തില്‍ പോലും സഞ്ജു കളിച്ചിട്ടില്ലെന്നുള്ളത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അതിന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ ചൂണ്ടി കാണിക്കുന്ന ഒരു കാരണമുണ്ട്. 'രണ്ടോ മൂന്നോ ഫോര്‍മാറ്റുകളില്‍ കളിക്കുമ്പോള്‍ ഫോം പരിഗണിക്കുന്നത് മൊത്തത്തിലാകാം. അതായിരിക്കും സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിച്ചത്. എന്നാല്‍ സഞ്ജു അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു എന്നുള്ളത് ഓര്‍ക്കപ്പെടേണ്ടതുണ്ട്.' കുംബ്ലെ വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും സഞ്ജുവിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമല്ല. 'സ്ഥിരതയുടെ പേരില്‍ അവന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്ഥിരതയോടെ കളിക്കാന്‍ തുടങ്ങിയപ്പോള്‍ അവന് ടി20 ടീമിലെ സ്ഥാനം നഷ്ടമായി. ഇപ്പോള്‍ ഏകദിനത്തിലും സഞ്ജുവിന് ഇടം ലഭിച്ചില്ല. ജുറലുണ്ട്, രാഹുലുണ്ട്, പന്ത് തിരിച്ചുവന്നു. അപ്പോള്‍ സഞ്ജു പുറത്ത്. സഞ്ജു ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.' പത്താന്‍ വ്യക്തമാക്കി.
 

ആദ്യമായിട്ടല്ല സഞ്ജുവിന് തന്റെ സ്ഥാനം വിട്ടുകൊടുക്കേണ്ടി വരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണം ഓസ്‌ട്രേലിയക്കെതിരെ അവസാനിച്ച ടി20 പരമ്പരയും ഏഷ്യാ കപ്പും. ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് വരെ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറായിരുന്നു സഞ്ജു. ഏഷ്യാ കപ്പിലേക്ക് ശുഭ്മാന്‍ ഗില്ലിനെ തിരിച്ചുവിളിച്ചിപ്പോള്‍ സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടമായി. സഞ്ജു ടി20യില്‍ നേടിയ മൂന്ന് സെഞ്ചുറികളും ഓപ്പണറായി ഇറങ്ങിയ ശേഷമാണ് ഓര്‍ക്കണം. അങ്ങനെ ഒരു താരത്തെ മധ്യനിരയിലേക്ക് മാറ്റിയെങ്കില്‍ അണിയറിലെ കളി ചെറുതൊന്നുമല്ല.

ഗില്ലിന്റെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ടുതന്നെയാണ് അതിവേഗം ടി20 വൈസ് ക്യാപ്റ്റന്‍ സ്ഥാനം ബിസിസിഐയുടെ ഓമന പുത്രന് നല്‍കിയത്. സഞ്ജുവിന് മധ്യനിരയിലേക്ക് മാറേണ്ടിവന്നു. ഏഷ്യാ കപ്പ് സെമി ഫൈനലിലും നിര്‍ണായക പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചു. അടുത്തത് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. രണ്ടാം മത്സരത്തില്‍ സഞ്ജു മൂന്നാമനായി കളിച്ചെങ്കിലും രണ്ട് റണ്‍സെടുത്ത് പുറത്തായി. അഭിഷേക് ശര്‍മ ഒഴികെ ഇന്ത്യയുടെ മുന്‍ നിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയ മത്സരമായിരുന്നത്.

പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചതുമില്ല. ശേഷം നടന്ന ഏകദിന പരമ്പരയ്ക്കും സഞ്ജുവിന് പരിഗണിച്ചില്ല. ഇനി വരാനുള്ളത് ദക്ഷിണാഫ്രിക്ക - ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളാണ്. അതില്‍ സഞ്ജുവിന്റെ പേരുണ്ടാകുമോ എന്ന് കണ്ടറിയണം. ഈ പരമ്പരകളിലൂടെ അടുത്ത ടി20 ലോകകപ്പില്‍ ആരൊക്കെ കളിക്കുമെന്നുള്ള ചിത്രം ലഭിക്കും. സഞ്ജുവിനെ ഒരിക്കല്‍ കൂടി തഴഞ്ഞാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് അത്ര പെട്ടന്ന് എളുപ്പമാവില്ല.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്
ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി