
ജൊഹാനസ്ബര്‍ഗ്: സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സിനെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ ഡിവില്ലിയേഴ്സുമായി ചര്‍ച്ച പുരോഗമിക്കുന്നതായി ഡൂപ്ലെസി പറഞ്ഞു.
ഡിവില്ലിയേഴ്സിനെ തിരിച്ചുവിളിച്ചേക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ പുതിയ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞതിന് പിന്നാലെയാണ് ഡുപ്ലെസിയുടെ വെളിപ്പെടുത്തൽ. രണ്ട് , മൂന്ന് മാസങ്ങളായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരക്ക് മുന്‍പ് ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഡുപ്ലെസി സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം മെയിൽ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സ് , വിവിധ ഫ്രാഞ്ചൈസി ട്വന്‍റി 20 ലീഗുകളില്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ കളിക്കാന്‍ താത്പര്യപ്പെട്ടിരുന്നെങ്കിലും, ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്മെന്‍റ് അനുവദിച്ചിരുന്നില്ല.
എന്നാല്‍ ടീമിന്‍റെ തുടര്‍ച്ചയായ മോശം പ്രകടനവും, ബോര്‍ഡിലും പരിശീലകസംഘത്തിലും വന്ന മാറ്റവും ഡിവില്ലിയേഴ്സിന്‍റെ തിരിച്ചുവരവിന് കളമൊരുക്കുന്നതായാണ് സൂചന. ആധുനിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്‍ ആയി വിലയിരുത്തപ്പെടുന്ന ഡിവില്ലിയേഴ്സ് ,114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്‍റി 20യിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!