'ഫ്രാഞ്ചൈസി ക്രിക്കറ്റ് അന്താരാഷ്ട്ര മത്സരങ്ങളെ വിഴുങ്ങും'; സൂചന നല്‍കി ഫാഫ് ഡു പ്ലെസിസ്

By Web TeamFirst Published Jun 7, 2021, 7:51 PM IST
Highlights

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനായി അബുദാബിയിലെത്തിയപ്പോഴാണ് ഫാഫ് ഇക്കാര്യം സംസാരിച്ചത്. പെഷാവര്‍ സലാമിയുടെ ബാറ്റ്‌സ്മാനാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.
 

അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റ് ലീഗുമുണ്ട്. ഇന്ത്യക്ക് ഐപിഎല്‍ പോലെ പാകിസ്ഥാന് പിഎസ്എല്‍. കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് എന്നിങ്ങനെ മറ്റു ഫ്രാഞ്ചൈസി ക്രിക്കറ്റുകളും. ഇപ്പോള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ്.

ടി20 ലീഗുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണിയാണെന്നാണ് ഫാഫ് പറയുന്നത്. ''തുടക്കത്തില്‍ ഒന്നോ രണ്ടോ ലീഗുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഒരു വര്‍ഷം അഞ്ച് മുതല്‍ ഏഴ് വരെ ലീഗുകളുണ്ട്. ഓരോ വര്‍ഷം കഴിയുമ്പോഴും ലീഗുകള്‍ കൂടുതല്‍ ശക്തമാവുന്നു. ചിലപ്പോള്‍ പത്ത് വര്‍ഷം കൊണ്ട് ലീഗുകള്‍ മാത്രമായി ചുരുങ്ങിയേക്കാം. ഫുട്‌ബോളുപോലെ പ്രധാന ടൂര്‍ണമെന്റുകള്‍ മാത്രം ലീഗുകള്‍ക്കിടയില്‍ ഉണ്ടാകുന്ന സാഹചര്യമാവും. 

അധികാരികള്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുക്കേണ്ടതുണ്ട്. ചില താരങ്ങള്‍ സ്വതന്ത്രരായി കളിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇത് ദേശീയ ടീമുകള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ലീഗുകളും, രാജ്യാന്തര മത്സരങ്ങളും തമ്മില്‍ സന്തുലിനമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണം.'' ഫാഫ് വ്യക്തമാക്കി.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനായി അബുദാബിയിലെത്തിയപ്പോഴാണ് ഫാഫ് ഇക്കാര്യം സംസാരിച്ചത്. പെഷാവര്‍ സലാമിയുടെ ബാറ്റ്‌സ്മാനാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.

click me!