ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ബിന്ദ്രൻവാലയെ രക്തസാക്ഷിയാക്കിയ പോസ്റ്റ്; മാപ്പു പറഞ്ഞ് ഹർഭജൻ

By Web TeamFirst Published Jun 7, 2021, 7:15 PM IST
Highlights

രാജ്യതാൽപര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വാട്സാപ്പിൽ ലഭിച്ച ഒരു ചിത്രം അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കാതെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയായിരുന്നുവെന്നും ഹർഭജൻ

ചണ്ഡീ​ഗഡ്: ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 37-ാം വാർഷിക ദിനത്തിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ സിം​ഗ് ബിന്ദ്രൻവാലയെ ധീരരക്തസാക്ഷിയാക്കുന്ന പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത സംഭവത്തിൽ നിരുപാധികം മാപ്പു പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിം​ഗ്. പഞ്ചാബിലെ അമൃത്സറിലുള്ള സിഖ് പുണ്യദേവാലയമായ സുവർണക്ഷേത്രം കൈയടക്കിയ ആയുധധാരികളായ വിഘടനവാദികളെ തുരത്താനായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധി നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടിയുടെ 37ാം വാർഷികമായിരുന്നു ജൂൺ ആറിന്.

ഇന്നലെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ബിന്ദ്രൻവാലയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന ചിത്രം ഷെയർ ചെയ്ത ഹർഭജനെതിരെ ആരധകരുടെ ഭാ​ഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് തന്റെ രാജ്യത്തെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയിൽ നിരപുപാധികം മാപ്പു പറഞ്ഞ് ഹർഭജൻ രം​ഗത്തെത്തിയത്.

രാജ്യതാൽപര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വാട്സാപ്പിൽ ലഭിച്ച ഒരു ചിത്രം അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കാതെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയായിരുന്നുവെന്നും ഹർഭജൻ വ്യക്തമാക്കി. അത് തന്റെ ഭാ​ഗത്ത് സംഭവിച്ച പിഴവാണെന്നും ആ ചിത്രത്തിലെ ഉള്ളടക്കത്തെ ഒരു തരത്തിലും പിന്തുണക്കുന്നില്ലെന്നും ഇന്ത്യക്കായി പോരാടുന്ന ഒരു സിഖുകാരനാണ് താനെന്നും അല്ലാതെ ഇന്ത്യക്കെതിരെ തിരിയുന്ന ആളല്ലെന്നും ഹർഭജൻ ട്വിറ്ററിൽ പറഞ്ഞു.

My heartfelt apology to my people..🙏🙏 pic.twitter.com/S44cszY7lh

— Harbhajan Turbanator (@harbhajan_singh)

രാജ്യത്തിനായി രണ്ട് പതിറ്റാണ്ടോളം വിയർപ്പും രക്തവുമൊഴുക്കിയ താനൊരിക്കലും രാജ്യത്തിനെതിരായ ഒരു നീക്കത്തെയും പിന്തുണക്കില്ലെന്നും തനിക്ക് സംഭവിച്ച പിഴവിൽ നിരുപാധികം മാപ്പു പറയുന്നുവെന്നും ഹർഭജൻ വ്യക്തമാക്കി.

ബിന്ദ്രൻവാലക്കൊപ്പം മറ്റ് ഖാലിസ്ഥാൻ വിടനവാദി നേതാക്കളുടെയും ചിത്രങ്ങൾ ഉള്ള പോസ്റ്ററാണ് ഹർഭജൻ ഷെയർ ചെയ്തത്. പോസ്റ്ററിൽ ഇവരെ ധീരരക്തസാക്ഷികളെന്ന് വിശേഷിപ്പിച്ചിരുന്നു. രക്തസാക്ഷികൾക്ക് പ്രണാമം എന്ന തലക്കെട്ടിട്ടാണ് ഹർഭജൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ചിത്രം ഷെയർ ചെയ്തത്.

click me!