
ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക സൂപ്പര്‍ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയൊരു ഇന്നിംഗ്‌സാക്കി മാറ്റാൻ സാധിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആരാധകരുടെ വൻ പിന്തുണയോടെ ബാറ്റിംഗിനിറങ്ങിയ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് പുറത്താവുകയായിരുന്നു.
റിങ്കു സിംഗിന് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ സഞ്ജുവിന് ഓപ്പണറുടെ റോളാണ് ടീം നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ റിച്ചാർഡ് നഗരാവയെ സിക്സറിന് പറത്തി സഞ്ജു വരവറിയിച്ചു. ബ്ലെസിംഗ് മുസർബാനിയെയും സിക്സറടിച്ച് സഞ്ജു ആധിപത്യം ഉറപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും നാലാം ഓവറിലെ നാലാം പന്തിൽ സ്ലോ ബോളിൽ വീഴുകയായിരുന്നു.
സഞ്ജു പുറത്തായ രീതിയെക്കുറിച്ച് കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗവാസ്കർ രൂക്ഷമായി വിമര്‍ശിച്ചു. സഞ്ജു തീർച്ചയായും നിരാശനാകും. കാരണം ഇതേ രീതിയിൽ, ഇതേ മേഖലയിൽ അദ്ദേഹം ഒരുപാട് തവണ പുറത്തായിട്ടുണ്ട്. ഷോർട്ട് ബോളുകൾ എറിയുക, ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തു. സഞ്ജുവിനെതിരെ എല്ലാ ടീമുകൾക്കും കൃത്യമായ പ്ലാൻ ഉണ്ട്. ഇത്തവണയും ആ കെണിയിൽ സഞ്ജു വീണു. മുസർബാനിയുടെ ഉയരവും അതിലൂടെ ലഭിച്ച എക്സ്ട്രാ ബൗൺസും സഞ്ജുവിനെ കുഴക്കിയെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. ബാറ്റിന്‍റെ മധ്യഭാഗത്ത് കൊള്ളാതിരുന്ന പന്ത് ഡീപ് മിഡ്‌വിക്കറ്റിൽ റയാൻ ബേളിന്‍റെ കൈകളിൽ അവസാനിക്കുകയായിരുന്നു.
ടോസ് വേളയിൽ സൂര്യകുമാർ യാദവ് സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ വലിയ ആരവമാണ് ഉയർന്നത്. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ തട്ടകമായി മാറാനിരിക്കുന്ന ചെപ്പോക്കിൽ സഞ്ജുവിന് ലഭിച്ച സ്വീകരണം അവിശ്വസനീയമായിരുന്നു. അക്സർ പട്ടേലും സഞ്ജുവും ടീമിലെത്തിയത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു.
48 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച അടിത്തറ നൽകിയെങ്കിലും, ഓപ്പണിംഗ് സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ഒരു വലിയ സ്കോർ ആവശ്യമായിരുന്നു എന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. രവി ശാസ്ത്രിയും സഞ്ജുവിന്‍റെ പുറത്താകലിൽ തന്റെ നിരാശ രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!