
ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിനിടെ വിഐപിഎ ഗ്യാലറിയില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ തമ്മില്‍ തല്ലി. വിഐപി ഗ്യാലറിയിലെ എലൈറ്റ് ഡയമണ്ട് ബോക്സിലായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കുടുംബവും ഇന്‍കം ടാക്സ് കമ്മീഷണറുടെ കുടുംബവും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തുടങ്ങിയ തമ്മില്‍ തല്ല് ഒടുവില്‍ പൊലിസ് കേസുമായി. ബെംഗളൂരുവിലെ കബോൺ പാര്‍ക്ക് സ്റ്റേഷനിലാണ് ഇരു കുടുംബങ്ങളും പരാതി നല്‍കിയത്.
എലൈറ്റ് ഡയമണ്ട് ബോക്സിലിരുന്ന് കളി കാണുകയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകനും മകളും മത്സരത്തിനിടെ വാഷ്‌റൂമില്‍ പോകാനായി പുറത്തേക്ക് പോയിരുന്നു. പുറത്തുപോകുമ്പോള്‍ സ്വന്തം സീറ്റില്‍ ബാഗ് വെച്ചാണ് ഇവര്‍ പോയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അവരുടെ സീറ്റില്‍ മറ്റാരോ ഇരിക്കുന്നത് കണ്ട് ഇത് തങ്ങളുടെ സീറ്റണെന്ന് പറഞ്ഞെങ്കിലും സീറ്റിലിരുന്നയാള്‍ മാറിയില്ല. ഇത് ഇന്‍കം ടാക്സ് കമ്മീഷണറുടെ ബന്ധുവായിരുന്നു സീറ്റിലിരുന്നിരുന്നത്. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകനും ഇയാളും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകളും തര്‍ക്കത്തില്‍ പങ്കുചേരുകയും ഒരുഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തുകയും ചെയ്തു.
ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മക്കള്‍ പിതാവിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുക്കുകയും അദ്ദേഹം സ്റ്റേഡിയത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തെങ്കിലും ആരും സഹായത്തിന് എത്തിയില്ല. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ കളി കാണാനായി സമീപത്തെ സീറ്റുകളിലുണ്ടായിരുന്നെങ്കിലും ആരും പ്രശ്നത്തില്‍ ഇടപെട്ടില്ല. തുടര്‍ന്നാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കുടുംബം കബോണ്‍ പാര്‍ക്ക് സ്റ്റേഷനിലെത്തി സ്ത്രീത്വത്തെ അപമാനിച്ചതിനും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചതിനും പരാതി നല്‍കിയത്. എന്നാല്‍ ഇന്‍കം ടാക്സ് കമ്മീഷണറുടെ കുടുംബം ഇത് നിഷേധിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ കബോണ്‍ പൊലീസ് ഇന്‍കം ടാക്സ് കമ്മീഷണറുടെ കുടുംബത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക