റിഷഭ് പന്ത് ഇനിയെങ്കിലും ആ ഉത്തരവാദിത്തം പുരാന് കൈമാറട്ടെ, ലക്നൗ നായകന് ഉപദേശവുമായി മുന്‍ താരം

Published : May 06, 2025, 10:43 AM IST
റിഷഭ് പന്ത് ഇനിയെങ്കിലും ആ ഉത്തരവാദിത്തം പുരാന് കൈമാറട്ടെ, ലക്നൗ നായകന് ഉപദേശവുമായി മുന്‍ താരം

Synopsis

ടീമിന്‍റെ ക്യാപ്റ്റനും കീപ്പറുമായിരിക്കുക എന്നത് എളുപ്പമല്ലെന്നും ടീമിനെ ശരിയായി നിയന്ത്രിക്കാന്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭ് പന്ത് ബുദ്ധിമുട്ടുന്നുണ്ടെന്നും ആരോണ്‍ ഫിഞ്ച് പറ‍ഞ്ഞു

ലക്നൗ: ഐപിഎല്ലില്‍ ഫോം കണ്ടെത്താന്‍ പാടുപെടുന്ന ലക്നൗ നായകന്‍ റിഷഭ് പന്തിന് ഉപദേശവുമായി ഓസ്ട്രേലിയൻ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഞായറാഴ്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്ത് സീസണിലാകെ 11 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 128 റണ്‍സ് മാത്രമാണ് നേടിയത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ നിക്കോളാസ് പുരാന്‍റെയും മിച്ചല്‍ മാര്‍ഷിന്‍റെയും ബാറ്റിംഗ് മികവില്‍ മുന്നേറിയെങ്കിലും പിന്നീട് ഇരുവരും നിറം മങ്ങിയതോടെ തിരിച്ചടി നേരിട്ട ലക്നൗ ഇപ്പോള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന്‍റെ വക്കിലുമാണ്.

ടീമിന്‍റെ ക്യാപ്റ്റനും കീപ്പറുമായിരിക്കുക എന്നത് എളുപ്പമല്ലെന്നും ടീമിനെ ശരിയായി നിയന്ത്രിക്കാന്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭ് പന്ത് ബുദ്ധിമുട്ടുന്നുണ്ടെന്നും ആരോണ്‍ ഫിഞ്ച് പറ‍ഞ്ഞു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഓവറുകള്‍ക്കിടയില്‍ ബൗളര്‍മാരോട് സംസാരിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രമെ റിഷഭിന് ലഭിക്കുകയുള്ളു. അത് ശരിക്കും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ബൗളര്‍ ഓരോ പന്തിലും തന്ത്രം മാറ്റേണ്ട സാഹചര്യങ്ങളില്‍. അതുകൊണ്ട് തന്നെ കാര്യങ്ങളൊന്നും വിചാരിച്ച രീതിയില്‍ പോവാതിരിക്കുമ്പോള്‍ റിഷഭ് പന്ത് അസ്വസ്ഥനാവുന്നത് നമ്മള്‍ കാണാറുണ്ട്.

അതുകൊണ്ട് തന്നെ ഇനിയുള്ള കളിയിലെങ്കിലും റിഷഭ് പന്ത് വിക്കറ്റ് കീപ്പറുടെ ഉത്തരവാദിത്തം നിക്കോളാസ് പുരാനെ ഏല്‍പ്പിച്ച് ക്യാപ്റ്റന്‍റെ ജോലി മാത്രം ചെയ്യണം. അതുവഴി പഴയ താളം വീണ്ടെടുക്കാനും ബൗളര്‍മാരുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താനും പന്തിന് കഴിയുമെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. 2016ല്‍ ഐപിഎല്ലില്‍ അരങ്ങേറിയശേഷം റിഷഭ് പന്തിന്‍റെ കരിയറിലെ ഏറ്റവും മോശം സീസണാണ് ഇത്തവണത്തേത്. അരങ്ങേറ്റ സീസണില്‍ റിഷഭ് പന്ത് 10 കളികളില്‍ 198 റണ്‍സ് നേടിയെങ്കില്‍ ഈ സീസണില്‍ 99.32 പ്രഹരശേഷയില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. ആദ്യമായാണ് റിഷഭ് പന്തിന്‍റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് 100ല്‍ താഴെ പോകുന്നത്.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്