നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ടീമില്‍ ആരൊക്കെ വേണം; ജാഫറിന്‍റെ സന്ദേശം ഡീകോഡ് ചെയ്ത് ആരാധകര്‍

By Web TeamFirst Published Mar 27, 2021, 6:19 PM IST
Highlights

മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ച് ഗ്രാമത്തിലുള്ള വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ സായാഹ്ന സൂര്യപ്രകാശത്തില്‍ ചെസ് കളിക്കുന്നവര്‍ എന്ന ചിത്രം ട്വീറ്റ് ചെയ്ത് കോലിയ്ക്ക് നാളത്തെ മത്സരത്തില്‍ വിജയാശംസകള്‍ നേരുകയാണ് ജാഫര്‍ ചെയ്തത്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടീമില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഉപദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. പതിവ് ശൈലിയില്‍ കോഡ് ഭാഷയിലാണ് ജാഫര്‍ നിര്‍ണായത മത്സരത്തില്‍ ഇന്ത്യയുടെ അന്തിമ ഇലവന്‍ എങ്ങനെ ആയിരിക്കണമെന്ന് കോലിയെ ഉപദേശിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇരു ടീമും ഇപ്പോള്‍ 1-1 തുല്യത പാലിക്കുകയാണ്.

മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ച് ഗ്രാമത്തിലുള്ള വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ സായാഹ്ന സൂര്യ വെളിച്ചത്തില്‍ ചെസ് കളിക്കുന്നവര്‍ എന്ന ചിത്രം ട്വീറ്റ് ചെയ്ത് കോലിയ്ക്ക് നാളത്തെ മത്സരത്തില്‍ വിജയാശംസകള്‍ നേരുകയാണ് ജാഫര്‍ ചെയ്തത്. ജാഫറിന്‍റെ ട്വീറ്റിന് പിന്നാലെ പതിവുപോലെ ആരാധകര്‍ അദ്ദേഹത്തിന്‍റെ കോഡ് ഭാഷയുടെ ചുരുളഴിക്കുകയും ചെയ്തു.

Good morning a photo to brighten up your morning. And yes, good luck for the game tomorrow😉 pic.twitter.com/Vyfl7f24u1

— Wasim Jaffer (@WasimJaffer14)

ചെസ് കളിക്കാര്‍ എന്ന് ജാഫര്‍ പറയുമ്പോള്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ ടീമിലെ ചെസ് താരം കൂടിയായ യുസ്‌വേന്ദ്ര ചാഹലിനെയാണെന്നും വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്ക് എന്നതുകൊണ്ട് വാഷിംഗ്ടണ്‍ സുന്ദറാണെന്നും സൂര്യപ്രകാശത്തില്‍ എന്നുള്ളതുകൊണ്ട് സൂര്യകുമാര്‍ യാദവാണെന്നും ആരാധകര്‍ ഡീകോഡ് ചെയ്യുന്നു.

Also Read: ഏകദിന ക്രിക്കറ്റിലെ ഈ സമീപനത്തിന് 2023ലെ ലെ ലോകകപ്പില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരും: മൈക്കല്‍ വോണ്‍

ആദ്യ രണ്ട് മത്സരങ്ങളിലും കുല്‍ദീപ് യാദവ് നിറം മങ്ങിയ പശ്ചാത്തലത്തിലാണ് ചാഹലിനെ ടീമിലുള്‍പ്പെടുത്താന്‍ ജാഫര്‍ നിര്‍ദേശിക്കുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായി ക്രുണാലിന് പകരമായെ വാഷിംഗ്ടണ്‍ സുന്ദറെ ഉള്‍പ്പെടുത്താനാവു. എന്നാല്‍ രാഹുലും പന്തും ഫോമിലായതോടെ സൂര്യകുമാര്‍ യാദവിനെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്‍റ്.

click me!