
മുംബൈ: ബിസിസിഐയുടെ 'നമൻ' അവാർഡ് വേദിയിൽ രോഹിത് ശർമ്മയുടെ നേട്ടം ശുഭ്‌മാൻ ഗില്ലിന്‍റെ പേരിൽ രേഖപ്പെടുത്തിയത് ചര്‍ച്ചയാക്കി ആരാധകര്‍. 2025-ലെ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ നേടിയപ്പോൾ ടീമിനെ നയിച്ചത് രോഹിത് ശർമ്മയായിരുന്നു. എന്നാൽ അവാർഡ് നിശയിലെ ഗ്രാഫിക്സിൽ ഈ നേട്ടം ഗില്ലിന്‍റെ പേരിലാണ് കാണിച്ചത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ബിസിസിഐയ്‌ക്കെതിരെ ആരാധകർ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പോളി ഉമ്രിഗർ പുരസ്കാരം ശുഭ്മാന്‍ ഗില്ലിനായിരുന്നു. പുരസ്കാരം സ്വീകരിച്ചശേഷം സ്ക്രീനില്‍ കാണിച്ച ഗ്രാഫിക്സിലാണ് ചാമ്പ്യൻസ് ട്രോഫി നേടിയ നായകന്‍ എന്ന് എഴുതി കാണിച്ചത്. 2025ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയില്‍ രോഹിത് ശര്‍മയുടെ നായകത്വത്തിലാണ് ഇന്ത്യ കീരിടം നേടിയത്. ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം ഗില്ലിന് ചുമതല നൽകുകയും ചെയ്തിരുന്നു.
ഇതിൽ നേരത്തെ തന്നെ രോഹിത് ആരാധകർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് നമൻ അവാർഡ് വേദിയിലെ പുതിയ പിഴവ്. 2027-ലെ ഏകദിന ലോകകപ്പിനായി ടീമിനെ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് ഗില്ലിനെ നായകനാക്കിയത്. നിലവിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനാണ് ഗിൽ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 700ലേറെ റണ്‍സടിച്ച റെക്കോര്‍ഡിട്ടതാണ് ഗില്ലിനെ മികച്ച താരമായി തെരഞ്ഞെടുക്കാന്‍ കാരണം. ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളെയെല്ലാം വേദിയില്‍ ആദരിക്കുകയും ചെയ്തിരുന്നു. വനിതകളില്‍ സ്മൃതി മന്ദാനയാണ് മികച്ച താരമായത്. മുൻ താരങ്ങളായ രാഹുൽ ദ്രാവിഡ്, റോജർ ബിന്നി, മിതാലി രാജ് എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നൽകി ബിസിസിഐ ആദരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!