
മുംബൈ: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ധോണിയെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഇപ്പോള്‍ ഒഴിവാക്കുകയും ചെയ്തതോടെ ആരാധകര്‍ അങ്കലാപ്പിലാണ്. 'താങ്ക് യു ധോണി' ഹാഷ്‌ടാഗുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്.
എന്നാല്‍ വിരമിക്കലിനെ കുറിച്ച് ധോണി മനസുതുറക്കാതിരിക്കുമ്പോഴാണ് ഹാഷ്‌ടാഗ് വ്യാപകമാകുന്നത്. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച മഹി ഏകദിനത്തില്‍ നിന്നും ടി20യില്‍ നിന്നും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് പുറത്തുവിട്ട വാര്‍ഷിക കരാറിലാണ് ധോണിയുടെ പേരില്ലാതിരുന്നത്. നിലവിലെ നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്കാണ് എ പ്ലസ് കരാര്‍ നല്‍കിയിരിക്കുന്നത്. ഒക്‌ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് പുതിയ കരാര്‍. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് ഏഴ് കോടിയും എ വിഭാഗത്തിന് അഞ്ച് കോടിയും ബി, സി കാറ്റഗറിയുള്ള താരങ്ങള്‍ക്ക് യഥാക്രമം മൂന്ന് കോടിയും ഒരു കോടിയും ലഭിക്കും.
ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് വരാനിരിക്കേ ധോണി പട്ടികയില്‍ നിന്ന് പുറത്താകുന്നത് ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ധോണി ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ ഇതോടെ സംശയം വര്‍ധിക്കുകയാണ്. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!