
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-സണ്‍റൈസേഴ്സ് ഹൈരാബാദ് മത്സരത്തിനിടെ ഗുജറാത്ത് താരം ഗ്ലെന്‍ ഫിലിപ്സ് പരിക്കേറ്റ് വേദനകൊണ്ട് പുളയുമ്പോള്‍ എതിര്‍ താരമായ ഇഷാന്‍ കിഷന്‍റെ തോളില്‍ കൈയിട്ട് തമാശ പങ്കിട്ട് നിന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് രൂക്ഷ വിമര്‍ശനം.ഹൈദരാബാദ് ഇന്നിംഗ്സിലെ റാം ഓവറിലായിരുന്നു ആരാധകരുടെ രോഷത്തിന് ഇടയാക്കിയ സംഭവം.
ഇഷാന്‍ കിഷന്‍ പോയന്‍റിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുത്തു, പന്തെടുത്ത് ത്രോ ചെയ്യാനായി ഓടിയെത്തിയ ഗ്ലെന്‍ ഫിലിപ്സ് പരിക്കുമൂലം ഗ്രൗണ്ടില്‍ വീണു. പിന്നാലെ ഗുജറാത്ത് ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി ഫിലിപ്സിനെ പരിശോധിച്ചു.ഗുജറാത്ത് താരം വാഷിംഗ്ടണ്‍ സുന്ദര്‍ വീണുകിടന്ന ഫിലിപ്സിനരികിലെത്തി എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ സഹതാരത്തിന് എന്തുപറ്റിയെന്ന് പോലും ചോദിക്കാതെ ഗില്‍ ക്രീസിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍റെ തോളിൽ കയ്യിട്ട് തമാശ പങ്കിട്ട് നില്‍ക്കുകയായിരുന്നു.
25-ാം വയസിൽ കോലിക്കും രോഹിത്തിനുമില്ലാത്ത ഐപിഎല്‍ റെക്കോര്‍ഡ് അടിച്ചെടുത്ത് ശുഭ്മാന്‍ ഗില്‍
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയർത്തിയത്. എന്നാല്‍ പരിക്കിന്‍റെ തീവ്രത തിരിച്ചറിയാതെയാണ് ഗില്‍ കിഷനുമായി തമാശ പങ്കിട്ട് നിന്നതെന്നും പരിക്ക് ഗരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ ഓടിയെത്തിയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റ ഫിലിപ്സ് ഫിസിയോയുടെ സഹായത്തോടെ ഗ്രൗണ്ട് വിട്ടു. പകരക്കാരന്‍ ഫീല്‍ഡറായി ഗ്രൗണ്ടിലിറങ്ങിയ ഫിലിപ്സിന്‍റെ പരിക്ക് ഗുരതരമാണോ എന്ന കാര്യം വ്യക്തമല്ല.സീസണില്‍ ഒരു മത്സരത്തില്‍ പോലും ഫിലിപ്സ് ഇതുവരെ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിച്ചിട്ടില്ല.
മധ്യനിരയില്‍ വെടിക്കെട്ട് ഇന്നിംഗ്സ് കളിക്കാന്‍ മികവുള്ള ഫിലിപ്സ് പാര്‍ട്ട് ടൈം സ്പിന്നറും അസാമാന്യ ഫീല്‍ഡറുമാണ്. ചാമ്പ്യൻസ് ട്രോഫിക്കിടെ ഫിലിപ്സിന്‍റെ പറക്കും ക്യാച്ചുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലായിരുന്നു ഗജറാത്തിന്‍റെ വിജയശില്‍പി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക