'റിഷഭ് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലുള്ളവന്‍'; പ്രശംസ കൊണ്ടുമൂടി ഫറൂഖ് എഞ്ചിനീയര്‍

By Web TeamFirst Published Aug 24, 2021, 12:36 PM IST
Highlights

വിക്കറ്റ് കീപ്പിംഗില്‍ റിഷഭ് ഏറെ മുന്നേറിയെന്നും വളരെ ആത്മവിശ്വാസമുള്ള ബാറ്റ്സ്‌മാനാണ് അദേഹമെന്നും എഞ്ചിനീയറുടെ പ്രശംസ. 

ലീഡ്‌സ്: ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പ്രശംസ കൊണ്ടുമൂടി മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയര്‍. വിക്കറ്റ് കീപ്പിംഗില്‍ റിഷഭ് ഏറെ മുന്നേറിയെന്നും വളരെ ആത്മവിശ്വാസമുള്ള ബാറ്റ്സ്‌മാനാണ് അദേഹമെന്നും എഞ്ചിനീയര്‍ പ്രശംസിച്ചു. റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്‍റെ അഭിഭാജ്യ ഘടകമാണെന്നും ഫറൂഖ് എഞ്ചിനീയര്‍ വ്യക്തമാക്കി.

'വ്യക്തിപരമായി എപ്പോഴും റിഷഭ് പന്തിനെ ഇഷ്‌‌ടമാണ്. റിഷഭും ധോണിയും എന്‍റെ തുടക്കകാലം ഓര്‍മ്മിപ്പിച്ചവരാണ്. ഞാനും അക്രണോത്സുകനായ ബാറ്റ്സ്‌മാനായിരുന്നു. എന്നാല്‍ ഇരുവരേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് ഞാനെന്ന് എനിക്ക് തോന്നുന്നു. ഞാനൊരു വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്‌മാനായിരുന്നു. പ്രധാനമായും വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്‌മാനെന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാല്‍ റിഷഭും ധോണിയും ബാറ്റ്സ്‌മാന്‍-വിക്കറ്റ് കീപ്പര്‍മാരാണ്. ബാറ്റിംഗാണ് ഇരുവര്‍ക്കും പ്രധാനം'. 

റിഷഭിന്‍റെ ആത്മവിശ്വാസത്തിന് കയ്യടി  

'ഏകദിന ക്രിക്കറ്റിന് ബാറ്റ്സ്‌മാന്‍-വിക്കറ്റ് കീപ്പറെ മതിയാകും. എന്നാല്‍ ടെസ്റ്റില്‍ കൃത്യമായൊരു വിക്കറ്റ് കീപ്പര്‍ തന്നെ വേണം. റിഷഭ് പന്ത് തന്‍റെ പോരായ്‌മകള്‍ പരിഹരിച്ചുകഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ താരം മികച്ചതായി. റിഷഭ് എന്ന ബാറ്റ്സ്‌മാന്‍ വളരെ വ്യത്യസ്‌തനാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന ആത്മവിശ്വാസം താരം പ്രകടിപ്പിക്കുന്നു. സെഞ്ചുറിക്കായി റിവേഴ്‌സ് സ്വീപ് കളിക്കുന്നത് നമ്മള്‍ കണ്ടു. ഒരു പമ്പരവിഡ്‌ഢിയോ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന മനുഷ്യനോ മാത്രമേ ഈ സാഹസം ചെയ്യൂ. ഞാനൊരിക്കലും റിഷഭിനെ വിഡ്‌ഢി എന്ന് വിളിക്കില്ല. വളരെ ആത്മവിശ്വാസമുള്ളയാളായേ കാണൂ. റിഷഭ് പ്രതിഭാശാലിയാണ്. അദേഹത്തിന് എല്ലാ ആശംസയും നേരുന്നു. ഓരോ മത്സരം കഴിയുന്തോറും റിഷഭ് കൂടുതല്‍ പക്വത കൈവരിക്കുകയാണെന്നും ഇന്ത്യന്‍ ടീമിനായി മഹത്തരമായ സംഭാവനകള്‍ നല്‍കുന്നതായും' ഫറൂഖ് എഞ്ചിനീയര്‍ വാഴ്‌ത്തി. 

റിഷഭ് ഇംഗ്ലണ്ടില്‍, ലീഡ്‌സ് ടെസ്റ്റ് നാളെ

അന്താരാഷ്‌ട്ര കരിയറിന്‍റെ തുടക്കകാലത്ത് വിക്കറ്റ് കീപ്പിംഗിലെ പോരായ്‌മകള്‍ക്ക് ഏറെ വിമര്‍ശനം റിഷഭ് പന്ത് കേട്ടിരുന്നു. എന്നാല്‍ കഠിന പ്രയത്‌നം കൊണ്ട് വിക്കറ്റിന് പിന്നിലും മുന്നിലും പ്രതിഭ തെളിയിച്ച ശേഷം താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷാദ്യം ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ജയത്തില്‍ നിര്‍ണായകമായത് പന്തിന്‍റെ മികവിന് തെളിവാകുന്നു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി റിഷഭ് പന്ത് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. ലീഡ്‌സില്‍ മൂന്നാം ടെസ്റ്റ് നാളെ തുടങ്ങും. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് കളികളില്‍ 84 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. 

ഇന്ത്യന്‍ ടീമിനെ വ്യത്യസ്‌തമാക്കുന്നത് ആ ബൗളര്‍; ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ പാടുപെടുന്നതായി പനേസര്‍

അന്താരാഷ്‌ട്ര ഹോക്കി പുരസ്‌കാരം: മികച്ച താരമാവാന്‍ ഹർമൻപ്രീതും ഗു‍ർജീതും; ഗോളിമാരില്‍ ശ്രീജേഷും പട്ടികയില്‍

നിങ്ങള്‍ അഭിമാനമാകുമെന്നുറപ്പ്; ഇന്ത്യന്‍ പാരാ അത്‌‌ലറ്റുകള്‍ക്ക് കോലിയുടെ ആശംസയും പിന്തുണയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!