ലോര്‍ഡ്‌സിലെ 151 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് നാളെ ലീഡ്സിൽ തുടക്കമാവുകയാണ്. ലോര്‍ഡ്‌സിലെ 151 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി പരമ്പരയില്‍1-0ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ വ്യത്യസ്തമാക്കുന്നത് പേസര്‍ മുഹമ്മദ് സിറാജിന്‍റെ സാന്നിധ്യമാണെന്നും അദേഹത്തിന്‍റെ പന്തുകളെ വായിക്കാന്‍ ഇതുവരെ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മുന്‍ സ്‌പിന്നര്‍ മോണ്ടി പനേസര്‍ പറഞ്ഞു. 

'പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ടീമിനെ വ്യത്യസ്തമാക്കുന്നത്. ഈ പരമ്പരയില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ഇതുവരെ ബുദ്ധിമുട്ടാക്കിയത് സിറാജാണ്. സിറാജിന്‍റെ പന്തുകളെ മനസിലാക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്സ്‌മാന്‍മാര്‍ പ്രയാസപ്പെടുന്നു'- പനേസര്‍ പറഞ്ഞു. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുമായി സിറാജ് വിക്കറ്റ്‌വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 12 വിക്കറ്റുകളുള്ള ബുമ്ര മാത്രമാണ് മുന്നില്‍. 

ലീഡ്‌സില്‍ ഇന്ത്യക്ക് അനായാസം ജയിക്കാനാവില്ല

'ജോ റൂട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടേയും ഹോം ഗ്രൗണ്ടാണ് ഹെഡിംഗ്‌ലെ. ഇന്ത്യന്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് കാഴ്‌ചവെച്ചത്. എന്നാല്‍ അവര്‍ക്ക് ഹെഡിംഗ്‌ലെയില്‍ വലിയ വെല്ലുവിളി നേരിടേണ്ടിവന്നേക്കാം. നിലവിലെ ഫോമില്‍ പന്തെറിഞ്ഞാല്‍ ഇന്ത്യ വിജയം തുടരുകയും പരമ്പര നേടുകയും ചെയ്യും. ജോ റൂട്ടിനെ തുടക്കത്തിലെ പുറത്താക്കിയാല്‍ മാത്രമേ ഇന്ത്യക്ക് ഹെഡിംഗ്‌ലെയില്‍ ജയസാധ്യതയുള്ളൂ' എന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു. 

റണ്‍വേട്ടയില്‍ റൂട്ട് ലീഡില്‍

ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ രണ്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ സഹിതം 386 റണ്‍സുമായി റൂട്ടാണ് പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നില്‍. റൂട്ടിന്‍റെ ഈ മികവ് തന്നെയാണ് ഇന്ത്യന്‍ ടീം ഇതുവരെ നേരിട്ട വെല്ലുവിളിയും. 

ഹെഡിംഗ്‌ലെ ക്രിക്കറ്റ് ടെസ്റ്റിലും നായകന്‍ ജോ റൂട്ടിന്റെ ബാറ്റിലേക്ക് തന്നെയാണ് ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത്. ഇംഗ്ലീഷ് ടീമിൽ മാറ്റം ഉറപ്പ്. റോറി ബേൺസിനൊപ്പം ഹസീബ് ഹമീദ് ഇന്നിംഗ്സ് തുറക്കാനെത്തും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു. പേസർ മാർക് വുഡ് പരിക്കേറ്റ് പിൻമാറിയത് തിരിച്ചടിയാവും. പകരം സാഖിബ് മഹ്മൂദോ ക്രെയ്ഗ് ഒവേർട്ടനോ ടീമിലെത്തിയേക്കും എന്നാണ് സൂചനകള്‍. 

ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം ടെസ്റ്റ് നാളെ; താക്കൂറും അശ്വിനും വരുമോ? സാധ്യത ഇലവന്‍ അറിയാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona