
ഡുനെഡിന്‍: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് ന്യൂസിലന്‍ഡ് അഞ്ച് മത്സര പരമ്പര 3-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഓപ്പണര്‍ ഫിന്‍ അലന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 62 പന്തില്‍ 137 റണ്‍സടിച്ച ഓപ്പണര്‍ ഫിന്‍ അലന്‍റെ ഇന്നിംഗ്സാണ് കിവീസിന് ആധികാരിക ജയവും പരമ്പരയും സമ്മാനിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂീസലിന്‍ഡിന് തുടക്കത്തിലെ ഡെവോണ്‍ കോണ്‍വെയെ(7) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയ അലന്‍-സീഫര്‍ട്ട് സഖ്യമാണ് കീവിസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. നാലാം ഓവറില്‍ 28 റണ്‍സില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ഇരുവരും പതിനാലാം ഓവറില്‍ വേര്‍ പിരിയുമ്പോള്‍ കിവീസ് സ്കോര്‍ 153ല്‍ എത്തിയിരുന്നു.
48 പന്തില്‍ സെഞ്ചുറിയിലെത്തിയ അലന്‍ 62 പന്തില്‍ അഞ്ച് ഫോറും 16 സിക്സും പറത്തിയാണ് 137 റണ്‍സടിച്ചത്. ടി20യില്‍ ന്യൂസിലന്‍ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ റെക്കോര്‍ഡും അലന്‍ ഇന്ന് മറികടന്നു.ഹാരിസ് റൗഫ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 28 റണ്‍സടിച്ച അലന്‍ റൗഫ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ മൂന്ന് സിക്സ് അടക്കം 23 റണ്‍സടിച്ചു. ഷഹീന്‍ അഫ്രീദിക്കെതിരെ ഒരോവറില്‍ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 24 റണ്‍സും അലന്‍ നേടി. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് നാലോവറില്‍ 60 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി 43 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ നാലാം ഓവറില്‍ തന്നെ സയ്യിം അയൂബിനെ(10) നഷ്ടമായ പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്‌വാനും(20 പന്തില്‍ 24), ബാബര്‍ അസമും(37 പന്തില്‍ 58), മുഹമ്മദ് നവാസും(15 പന്തില്‍ 28), ഫഖര്‍ സമനും(10 പന്തില്‍ 19) മാത്രമെ പൊരുതിയുള്ളു. കിവീസിന് വേണ്ടി ടിം സൗത്തി 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!