ഇന്‍സ്റ്റഗ്രാം ലൈവിനിടെ ജാതീയ അധിക്ഷേപമെന്ന് പരാതി; യുവ്‌രാജ് സിംഗിനെതിരെ കേസ്

By Web TeamFirst Published Feb 15, 2021, 2:01 PM IST
Highlights

എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഹിസാറിലെ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍മേലാണ് എഫ്‌ഐആര്‍. 

ദില്ലി: ഇന്‍സ്റ്റഗ്രാം ലൈവിനിടെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഹിസാറിലെ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍മേലാണ് എഫ്‌ഐആര്‍. 2020 ജൂണിലായിരുന്നു യുവിയുടെ വിവാദ ഇന്‍സ്റ്റഗ്രാം ലൈവ്.  

ഹാന്‍സി പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153, 153 എ, 295, 505 വകുപ്പുകളും എസ്‌സി/എസ്‌ടി ആക്‌ടിലെ വിവിധ സെക്ഷനുകളും ചേര്‍ത്താണ് യുവിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.   

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും കുറിച്ചായിരുന്നു യുവിയുടെ പരാമര്‍ശങ്ങള്‍. സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞിരുന്നു മുന്‍ ഓള്‍റൗണ്ടര്‍. ജാതിയുടേയും മതത്തിന്‍റേയും നിറത്തിന്‍റേയും ലിംഗത്തിന്‍റേയും പേരില്‍ ആരെയും അപമാനിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അന്ന് താരം വ്യക്തമാക്കി. 

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവ്‌രാജ് സിംഗ് 2019ല്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരുന്നു. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 മത്സരങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സും 111 വിക്കറ്റും നേടി. 40 ടെസ്റ്റിലും 58 ടി20കളിലും കളിച്ചു. യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന കിരീടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 

ചെന്നൈയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ല; കടുത്ത വിമര്‍ശനവുമായി മുന്‍ ഓസീസ് താരം

click me!