Asianet News MalayalamAsianet News Malayalam

ചെന്നൈയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ല; കടുത്ത വിമര്‍ശനവുമായി മുന്‍ ഓസീസ് താരം

പിച്ചിനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോണും ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണും തമ്മില്‍ ട്വിറ്ററില്‍ ഒരു ചര്‍ച്ചതന്നെ ഉണ്ടായിരുന്നു.

Former Australian batsman reacts to Chennai Pitch
Author
Chennai, First Published Feb 15, 2021, 12:14 PM IST

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ചെന്നൈയിലെ പിച്ചിനെ കുറിച്ച് ഇപ്പോള്‍തന്നെ വിവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സ്പിന്നിനെ അമിതമായി പിന്തുണക്കുന്ന പിച്ചാണ് ചെന്നൈയിലേത്. പിച്ചിനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോണും ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണും തമ്മില്‍ ട്വിറ്ററില്‍ ഒരു ചര്‍ച്ചതന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ചെന്നൈയിലെ പിച്ചിലെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം മാര്‍ക് വോ. 

ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ച പിച്ചല്ല ചെന്നൈയിലേതെന്നാണ് വോയുടെ അഭിപ്രായം. വോ ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റില്‍ പന്തും ബാറ്റും തമ്മിലുള്ള മത്സരം നന്നായി ആസ്വദിക്കാറുണ്ട്. എന്നാല്‍ ചെന്നൈയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ടെസ്റ്റിന്റെ ഒന്നാംദിനം തന്നെ പന്ത് തിരിഞ്ഞ് തുടങ്ങുന്നു. അതും പിച്ചിന്റെ നല്ല ഭാഗത്ത് കുത്തിയ ശേഷം. പിച്ചില്‍ ബൗളര്‍മാരുടെ കാല്‍പാടുകള്‍ പോലുമില്ലെന്ന് ഓര്‍ക്കണം.'' വോ കുറിച്ചിട്ടു. 

എന്നാല്‍ ഇതേ പിച്ചില്‍ തന്നെയല്ലേ രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും ബാറ്റ് ചെയ്യുന്നതെന്ന് ഒരു ആരാധകന്‍ ചോദിച്ചു. അതിനുള്ള ഉത്തരം ഇങ്ങനെയായിരുന്നു... ''രോഹിത് മികച്ച താരമാണ്. എന്നാല്‍ ആ ഇന്നിങ്‌സില്‍ അദ്ദേഹം പോലും രണ്ട് തവണ പുറത്താവേണ്ടതായിരുന്നു. രോഹിത്തിന് പോലും കൃത്യമായ അറിവുണ്ടായിരുന്നില്ല, പന്ത്് ഏത് ഭാഗത്തേക്ക് കുത്തിത്തിരിയുമെന്ന്.'' വോ മറുപടി പറഞ്ഞു.

നേരത്തെ മൈക്കല്‍ വോണും പറഞ്ഞത്, ചെന്നൈയിലെ പിച്ച് അഞ്ച് ദിവസത്തെ മത്സരത്തിന് വേണ്ടി ഉണ്ടാക്കിയതല്ലെന്നാണ്. എന്നാല്‍ ഷെയ്ന്‍ വോണ്‍ ഇതിന് മറുപടി നല്‍കി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഇംഗ്ലണ്ടിനേക്കാള്‍ നന്നായി ബാറ്റും ബൗളും ചെയ്‌തെന്നായിരുന്നു വോണിന്റെ പക്ഷം. പിച്ചിലെ സാഹചര്യം രണ്ട് ടീമിനും ഒരുപോലെയായിരുന്നെന്നും മൈക്കിള്‍ വോണിനുള്ള മറുപടിയില്‍ ഓസീസ് ഇതിഹാസം പറഞ്ഞു.

Follow Us:
Download App:
  • android
  • ios