അഞ്ച് വിക്കറ്റുമായി മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ പതറി ഇംഗ്ലണ്ട്, ഏഴ് വിക്കറ്റ് നഷ്ടം

Published : Oct 29, 2025, 08:55 PM IST
Marizanne Kapp

Synopsis

വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ 320 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് തകർച്ചയിൽ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകർത്തത്. 

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് പതറുന്നു. ഒരു ഘട്ടത്തില്‍ ഒരു റണ്ണിന് മൂന്ന് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലാണ്. ഡാനിയേല വ്യാട്ട് (27), സോഫി എക്ലെസ്റ്റോണ്‍ (1) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് (64) ആലിസ് ക്യാപ്‌സി (50) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (143 പന്തില്‍ 169) അവിശ്വസനീയ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടസ്മിന്‍ ബ്രിട്‌സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി.

ആദ്യ ഏഴ് പന്തുകള്‍ക്കിടെ തന്നെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം പന്തില്‍ തന്നെ എമി ജോണ്‍സിനെ (0) ബൗള്‍ഡാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഹീതര്‍ നൈറ്റും (0) ബൗള്‍ഡായി. രണ്ടാം ഓവര്‍ എറിയാനെത്തിയ അയബോന്‍ഗ ഖാക, താമി ബ്യൂമോണ്ടിനെ (0) കൂടി മടക്കിയയച്ചു. ഇതോടെ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. പിന്നീട് ക്യാപ്‌സി - സ്‌കിവര്‍ സഖ്യം 107 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

എന്നാല്‍ ഇരുവര്‍ക്കും അധിക നേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഇംഗ്ലണ്ട് വീണ്ടും തകര്‍ച്ച നേരിട്ടു. ആദ്യം ക്യാപ്‌സിയെ സ്യൂനെ ലുസ് പുറത്താക്കി. പിന്നാലെ സ്‌കിവറെ, കാപ്പ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇതോടെ അഞ്ചിന് 135 എന്ന നിലയായി ഇംഗ്ലണ്ട്. 31-ാം ഓവറില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി കാപ്പ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. സോഫിയ ഡങ്ക്‌ലി (2), ചാര്‍ലോട്ട് ഡീന്‍ (0) എന്നിവരെ കാപ്പ് അടുത്തടുത്ത പന്തുകളില്‍ മടക്കി.

നേരത്തെ, മോഹിപ്പിക്കുന്ന തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലോറ - ടസ്മിന്‍ സഖ്യം 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 23-ാം ഓവറില്‍ മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചിത്. ബ്രിട്‌സിനെ എക്ലെസ്‌റ്റോണ്‍ ബൗള്‍ഡാക്കി. അതേ ഓവറില്‍ അന്നെകെ ബോഷിനേയും (0) ബൗള്‍ഡാക്കാന്‍ എക്ലെസ്‌റ്റോണിന് സാധിച്ചു. നാലാമതായി ക്രീസിലെത്തിയ സുനെ ലുസ് (1) നതാലി സ്‌കിവര്‍ ബ്രന്‍ഡിന് മുന്നില്‍ കീഴടങ്ങിയതോടെ മൂന്നിന് 119 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

തുടര്‍ന്നെത്തിയ കാപ്പ്, ക്യാപ്റ്റന് പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇരുവരും 72 റണ്‍സ് കൂട്ടിചേര്‍ത്തത് നിര്‍ണായകമായി. കാപ്പ് 374-ാം ഓവറിലാണ് മടങ്ങുന്നത്. പിന്നീട് വന്ന സിനാലോ ജാഫ്ത (1), അന്നേരി ഡെര്‍ക്ക്‌സെന്‍ (4) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതോടെ ആറിന് 202 എന്ന നിലയിലെത്തി ദക്ഷിണാഫ്രിക്ക. 300നപ്പുറമുള്ള സ്‌കോര്‍ ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു. എന്നാല്‍ ക്ലോ ട്രൈയോണിനെ (26 പന്തില്‍ പുറത്താവാതെ 33) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയെ 300 കടത്തി. 47 പന്തില്‍ 89 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

47-ാം ഓവറില്‍ ലോറ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴിന് 291 എന്ന നിലയിലായിരുന്നു. നാല് സിക്‌സും 20 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലോറയുടെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ നദീന്‍ ഡി ക്ലാര്‍ക്ക് (11), ട്രൈയോണിനൊപ്പം പുറത്താവാതെ നിന്നു. എക്ലെസ്റ്റോണിന് പുറമെ ലോറന്‍ ബെല്‍ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബാറ്റെടുത്തവരെല്ലാം അടിയോട് അടി, സഞ്ജുവിന് അവസരമില്ല, ലോകകപ്പ് സന്നാഹത്തില്‍ ദക്ഷിണാഫ്രിക്കയെ പ‍ഞ്ഞിക്കിട്ട് ഇന്ത്യ
അഫ്ഗാൻ 'കോട്ട' തകർത്ത് മലയാളി കരുത്ത്; ആരോൺ ജോർജിന് സെഞ്ചുറി, അഫ്ഗാനിസ്ഥാനെ മലർത്തിയടിച്ച് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ