
തിരുവനന്തപുരം: കേരള സ്കൂൾ കായികമേളയുടെ അവസാന ദിവസം പഴയ ഓർമ്മകൾ അയവിറക്കാൻ വെറുതെ എത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ നിറഞ്ഞ സന്തോഷത്തിലാണ് മടങ്ങിയത്. കായികമേളയുടെ സംഘാടനത്തെയും താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച സജന, തൻ്റെ കായികമേള ഓർമ്മകൾ പങ്കുവെച്ചു. ഒരുപക്ഷേ ക്രിക്കറ്റിൽ എത്തിയില്ലായിരുന്നെങ്കിൽ താൻ ഒരു ഓട്ടക്കാരിയായോ ചാട്ടക്കാരിയായോ മാറുമായിരുന്നു എന്നും സജന പറഞ്ഞു.
കായികമേളയിൽ വെറുതെ കാഴ്ചക്കാരിയായെത്തിയ സജനയെ മാധ്യമപ്രവർത്തകർ കണ്ടതോടെയാണ് ശ്രദ്ധാകേന്ദ്രമായത്. "എന്നെ നാലാൾ അറിയുന്നതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്," സജന പറഞ്ഞു. കായികമേളയുടെ സംഘാടനം വളരെ മികച്ചതായിരുന്നു. "കുട്ടികൾക്ക് കഴിക്കാൻ ബിസ്കറ്റ്, ജ്യൂസ് ഷേക്ക്... അങ്ങനെ കുറെ കാര്യങ്ങൾ ഒരുക്കിയിരുന്നു. കായികമേള മൊത്തത്തിൽ അടിപൊളിയായിരുന്നു. വയനാടിൻ്റെ സ്വന്തം ഉമേഷ് കേശവൻ സാറിനെയാണ് ആദ്യം കണ്ടത്. അദ്ദേഹം തുടക്കം മുതൽ കായികമേളയിൽ സജീവമായിരുന്നു. ഇന്ത്യയുടെയും കേരളത്തിൻ്റെയും സ്വകാര്യ അഹങ്കാരമായ ഹോക്കി താരം പി.ആർ. ശ്രീജേഷിനെ കണ്ടുമുട്ടി.
കൂടാതെ, തൻ്റെ ജിഎംആര്‍എസ് പൂക്കോട് സ്കൂളിലെ അധ്യാപകരായിരുന്ന നിസാർ സാർ, ആഷിഫ് സാർ എന്നിവരെയും കണ്ടുമുട്ടിയത് പഴയകാല ഓർമ്മകൾക്ക് തിളക്കം നൽകിയെന്നും സജന കുറിച്ചു. കേരളത്തിൽ നിന്ന് ഇനിയും ഒരുപാട് കായികതാരങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും സജന പങ്കുവെച്ചു. കായികമേളയിലെ തൻ്റെ അനുഭവം ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജന ആരാധകരുമായി പങ്കുവെച്ചത്.