
മുംബൈ: വനിതാ അണ്ടര്‍ 19 ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി. എട്ട് വിക്കറ്റിനായിരുന്നു മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 34 പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് നാല് റണ്‍സെടുത്ത ഓപ്പണര്‍ അമീറ ബീഗത്തിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. മികച്ചൊരു തുടക്കത്തിനൊടുവില്‍ ശ്രദ്ധ സുമേഷ് 16 റണ്‍സുമായി മടങ്ങി. ശ്രേയ പി സിജു അഞ്ച് റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയവരില്‍ ലെക്ഷിത ജയനും ഇസബെല്ലും മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. ലെക്ഷിത 33ഉം ഇസബെല്‍ 30ഉം റണ്‍സെടുത്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ജാന്‍വി വീര്‍ക്കര്‍ മൂന്നും അക്ഷയ ജാധവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണര്‍ ഈശ്വരി അവസാരെയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് വിജയമൊരുക്കിയത്. അതിവേഗം സ്‌കോര്‍ ചെയ്ത് മുന്നേറിയ മഹാരാഷ്ട്ര ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കേരള ബൌളര്‍മാര്‍ക്കായില്ല. 14.2 ഓവറില്‍ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. ഈശ്വരി അവസാരെ 46 പന്തുകളില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്‌സ എ ആര്‍, മനസ്വി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.