ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സണ്‍ അന്തരിച്ചു

Published : Aug 16, 2025, 10:07 AM IST
Bob Simpson

Synopsis

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മുന്‍ നായകനും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍ അന്തരിച്ചു. 62 ടെസ്റ്റുകളില്‍ നിന്ന് 4869 റണ്‍സും 71 വിക്കറ്റുകളും നേടിയ സിംപ്സണ്‍ ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയത്തിലും നിര്‍ണായക പങ്ക് വഹിച്ചു.

മെല്‍ബൺ: ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്‌ട്രേലിയാക്കായി കളിച്ച സിംപ്സണ്‍ ഓസ്‌ട്രേലിയൻ ടീമിന്‍റെ മുൻ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്. ഓസ്ട്രേലിയക്കായി ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ച സിംപ്സണ്‍ ടെസ്റ്റിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റൺസും 71 വിക്കറ്റുകളും നേടി. 311 റൺസ് ആണ് ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ. 39 ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നയിക്കുകയും ചെയ്തു.

കെറി പാക്കർ സീരീസിന്‍റെ സമയത്ത് വിരമിക്കൽ തീരുമാനം പിൻവലിച്ച് 41-ാം വയസിൽ ഓസീസ് നായകനായി തിരിച്ചെത്തിയ സിംപ്സണ്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിൽ ഒരാളും ഓഫ് സ്പിന്നറുമായിരുന്നു. ടെസ്റ്റില്‍ 110 ക്യാച്ചുകളാണ് സിംപ്സണ്‍ കൈയിലൊതുക്കിയത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ സുവർണകാലത്തേക്ക് നയിച്ച പരിശീലകനെന്ന നിലയിലും സിംപ്സണ്‍ ഓര്‍മിക്കപ്പെടും. 1986 മുതല്‍ 1996വരെയാണ് സിംപ്സണ്‍ ഓസ്ട്രേലിയന്‍ പരിശീലകനായിരുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പ്രതാപകാലത്തിലേക്ക് മടങ്ങിയത് സിംപ്സണ്‍ പരിശീലകനായിരുന്ന കാലത്താണ്.

പരിശീലകനായി ചുമതലയേറ്റ തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ അലൻ ബോര്‍ഡറുടെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയെ സിംപ്സണ്‍ ചാമ്പ്യൻമാരാക്കി. ഓസ്ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. 1989ൽ ഇംഗ്ലണ്ടിലെ ആഷസ് പരമ്പര ജയവും 1995ൽ വെസ്റ്റ് ഇൻഡീസിലെ ടെസ്റ്റ്‌ പരമ്പര ജയവും സിംപ്സന്‍റെ പ്രധാന നേട്ടങ്ങളാണ്.

സ്റ്റീവ് വോ, ഡേവിഡ് ബൂൺ, ഡീൻ ജോൺസ്, ക്രെയ്ഗ് മക്ഡർമോർട്ട് അടക്കമുള്ള താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച സിംപ്സണെ താൻ കണ്ട ഏറ്റവും മികച്ച കോച്ച് എന്നാണ് ഓസീസ് സ്പിന്‍ ഇതിഹാസമായിരുന്ന ഷെയ്ൻ വോൺ വിശേഷിപ്പിച്ചത്. പതിനാറാം വയസില്‍ ന്യൂസൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സിംപ്സണ്‍ 60 സെഞ്ചുറികള്‍ ഉള്‍പ്പെടെ 56.22 ശരാശരിയില്‍ 21029 റണ്‍സും നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്