
തിരുവവന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ വരവറിയിച്ച പ്രദർശന മത്സരത്തിൽ ആവേശ ജയം സ്വന്തമാക്കി സഞ്ജു സാംസൺ നയിച്ച കെസിഎ സെക്രട്ടറി ഇലവൻ. അവസാന ഓവർ വരെ നീണ്ട അവേശകരമായ മത്സരത്തിൽ സച്ചിൻ ബേബി നയിച്ച കെ.സി.എ. പ്രസിഡന്‍റ് ഇലവനെ ഒരുവിക്കറ്റിനാണ് തകർത്തത്. അർധ സെഞ്ച്വറിയും കിടിലൻ ക്യാച്ചുമായി സഞ്ജു തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്‍റ് ഇലവൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവും സംഘവും രണ്ട് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 29 പന്തിൽ 69 റൺസെടുത്ത വിഷ്ണുവിനോദിന്‍റെയും 36 പന്തിൽ 54 റൺസെടുത്ത സഞ്ജുവിന്‍റെയും ബാറ്റിങ് പ്രകടനമാണ് സെക്രട്ടറി ഇലവന് വിജയവഴിയൊരുക്കിയത്. സ്കോർ: കെ.സി.എ പ്രസിഡന്‍റ് ഇലവൻ 20 ഓവറിൽ എട്ടിന് 184. കെ.സി.എ സെക്രട്ടറി ഇലവൻ 19.4 ഓവറിൽ ഒമ്പതിന് 188.
റണ്ണൊഴുകുന്ന പിച്ചിൽ ടോസ് നേടിയ കെ.സി.എ സെക്രട്ടറി ഇലവൻ ക്യാപ്ടൻ സഞ്ജു സാംസൺ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കളിയുടെ ആദ്യ ഓവറിൽ തന്നെ ബേസിൽ തമ്പി പ്രസിഡന്‍റ് ഇലവനെ ഞെട്ടിച്ചു . ടീം സ്കോർ മൂന്നിൽ നിൽക്കെ വെട്ടിക്കെട്ട് ബാറ്റർ മുഹമ്മദ് അസറുദ്ദീനെ (1) മനേഹരമായ ഇൻസ്വിങ്ങറിലൂടെ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒരുമിച്ച രോഹൻ കുന്നുമ്മലും അഭിഷേക് ജെ നായരും സ്കോർ പതിയെ ഉയർത്താൻ തുടങ്ങി. ആറാം ഓവറിൽ ഫാസ്റ്റ് ബൗളർമാരെ മാറ്റി പകരം ഇടംകൈയൻ സ്പിന്നർ സിജോമോനെ കൊണ്ടുവന്ന സഞ്ജുവിന്‍റെ തന്ത്രം ഫലിച്ചു.
മൂന്നാം പന്തിൽ ക്രീസിന് പുറത്തിറങ്ങി സിജോമോനെ അടിക്കാനുള്ള അഭിഷേകിന്‍റെ ശ്രമം പാളി. 16 പന്തിൽ 19 റൺസെടുത്ത അഭിഷേകിനെ വിഷ്ണു വിനോദ് സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ സച്ചിൻ ബേബിയെയും അക്കൗണ്ട് തുറക്കും മുമ്പേ (പൂജ്യം) അതേ ഓവറിൽ തന്നെ സിജോ പറഞ്ഞുവിട്ടതോടെ പവർ പ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലായിരുന്നു പ്രസിഡന്‍റ് ഇലവൻ.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് അടിച്ച് തകർക്കാനുള്ള മൂടിലായിരുന്നു രോഹൻ കുന്നുമ്മൽ. സഞ്ജുവിന്‍റെ ബൗളർമാരെ ഗ്രൗണ്ടിന് ചുറ്റും തലങ്ങും വിലങ്ങും ഓടിച്ചിട്ടടിച്ച രോഹൻ, സിജോമോനെ സിക്സറിന് തൂക്കി 23ാം പന്തിൽ അർധ സെഞ്ച്വറി തികച്ചു. 11 ഓവറിൽ 90ന് മൂന്ന് റൺസെന്ന നിലയിൽ നിൽക്കെ രോഹനെ (29 പന്തിൽ 60) ഫൈൻ ലഗിൽ അഖിൻ സത്താറിന്‍റെ കൈകളിലെത്തിച്ച് എൻ.എം. ഷറഫുദ്ദീൻ സെക്രട്ടറി ഇലവനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാല് സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങിയതായിരുന്നു രോഹന്‍റെ ഇന്നിങ്സ്. പിന്നാലെ എത്തിയ അബ്ദുൽ ബാസിത്തിന് മൂന്ന് പന്തിന്‍റെ ആയുസ് മാത്രമേ ഉണ്ടായിരുന്നു. അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച ബാസിത്തിനെ ഷറഫുദ്ദീൻ വിഷ്ണുവിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ അഹമ്മദ് ഇമ്രാനും (11) സച്ചിൻ സുരേഷും (എട്ട്) വന്നപോലെ മടങ്ങിയതോടെ 102ന് ഏഴ് എന്ന നിലയിലായി പ്രസിഡന്‍റ് ടീം. കൂട്ടതകർച്ച നേരിട്ടതോടെ തന്‍റെ കൈയിലുണ്ടായിരുന്ന അവസാന ബ്രഹ്മാസ്ത്രം സച്ചിൻ പുറത്തെടുത്തു. ഇംപാക്ട് പ്ലയറായി 'സിക്സർ മെഷീൻ' അഭിജിത്ത് പ്രവീണിനെ കളത്തിലേക്ക് ഇറക്കി. കഴിഞ്ഞ വർഷം നടന്ന നവിയോ യൂത്ത് ട്രോഫി അണ്ടർ 22 ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓവറിലെ ആറ് പന്തും സിക്സർ തൂക്കിയ അഭിജിത്ത്, എട്ടാം വിക്കറ്റിൽ എം.ഡി നിതീഷിനെ കൂട്ടുപിടിച്ച് 40 പന്തിൽ 78 റൺസാണ് അടിച്ചുകൂട്ടിയത്. 18 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 47 റൺസടിച്ച താരത്തെ അവസാന ഓവറിൽ അഖിൻ സത്താറിന്‍റെ പന്തിൽ ഡീപ്പ് മിഡ് വിക്കറ്റിൽ മനോഹരമായ ക്യാച്ചിലൂടെ എം. അജിനാസ് പുറത്താക്കുകയായിരുന്നു. 29 റൺസുമായി എം.ഡി നിധീഷും നാലു റൺസുമായി എസ്. മിഥുനും പുറത്താകെ നിന്നു. സെക്രട്ടറി ഇലവനായി ഷറഫുദ്ദീൻ മൂന്നും സിജോമോൻ രണ്ടും അഖിൽ സ്കറിയ, അഖിൻ സത്താർ, ബേസിൽ തമ്പി ഓരോ വിക്കറ്റും വീഴ്ത്തി.
വിഷ്ണു പുറത്തായതോടെ തന്‍റെ സ്പിന്നർമാരെ മുന്നിൽ നിറുത്തി സച്ചിൻ സെക്രട്ടറി ഇലവന് മുന്നിൽ പ്രതിരോധം തീർത്തു. എം.അജിനാസ് (എട്ട്) സൽമാൻ നിസാർ (രണ്ട്) എന്നിവരെ എം. മിഥുനും അഖിൽ സ്കറിയെയെ (10) അബ്ദുൽ ബാസിത്തും മടക്കിയതോടെ സ്കോർ ആറിന് 146 എന്ന നിലയിലായി. തുടർന്ന് സിജോമോൻ ജോസഫിനെ കൂട്ടുപിടിച്ച് സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടമായിരുന്നു ഗാലറി കണ്ടത്. 16 ാം ഓവറിൽ മിഥുനെ ആദ്യ രണ്ടുപന്തുകളിൽ തുടർച്ചയായി സഞ്ജു സിക്സർ പറത്തിയതോടെ ആരാധകർ ഇളകി മറിഞ്ഞു. എന്നാൽ തൊട്ടടുത്ത ഓവറിൽ സിജോമോൻ ജോസഫിനെ (ഏഴ്) ബിജു നാരയാണനും പിന്നാലെയെത്തിയ എൻ.എം ഷറഫുദീന്‍റെ (0) കുറ്റി നിധീഷും പിഴുതെടുത്തതോടെ എട്ടിന് 182 എന്ന നിലയിലായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!