Virat Kohli : 'രാഹുലിന് സംഭവിച്ചത് വലിയ മാറ്റമായിരുന്നു'; ആര്‍സിബിക്കൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കോലി

By Web TeamFirst Published Feb 26, 2022, 4:48 PM IST
Highlights

2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം (RCB) തുടങ്ങിയ രാഹുല്‍ തൊട്ടടുത്ത വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് (SRH) പോയി. 2016ല്‍ വീണ്ടും ആര്‍സിബിയില്‍ വന്നു. അവിടെ നിന്നായിരുന്നു രാഹുലിന്റെ മാറ്റം. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 397 റണ്‍സാണ് രാഹുല്‍ നേടിയത്.

മുംബൈ: ടി20ക്ക് യോജിച്ച താരമല്ല കെ എല്‍ രാഹുലെന്ന് (KL Rahul) നേരത്തെ പലരും വിധിയെഴുതിയിരുന്നു. ഐപിഎല്ലില്‍ (IPL) രാഹുലിന്റെ തുടക്കവും അങ്ങനെ തന്നെയായിരുന്നു. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം (RCB) തുടങ്ങിയ രാഹുല്‍ തൊട്ടടുത്ത വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് (SRH) പോയി. 2016ല്‍ വീണ്ടും ആര്‍സിബിയില്‍ വന്നു. അവിടെ നിന്നായിരുന്നു രാഹുലിന്റെ മാറ്റം. ആ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 397 റണ്‍സാണ് രാഹുല്‍ നേടിയത്. 

ഇപ്പോള്‍ രാഹുലിന് സംഭവിച്ച മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. ആര്‍സിബി ഏറ്റവും കൂടുതല്‍ മാറ്റം വരുത്തിയ താരങ്ങളില്‍ ഒരാള്‍ ഒന്ന് രാഹുലിലാണെന്നാണ് കോലി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഏറ്റവും വലിയ മാറ്റങ്ങളുണ്ടായ താരങ്ങളെ കുറിച്ച് പറയുമ്പോള്‍ രണ്ട് പേരുകളാണ് എന്റെ മനസിലേക്ക് വരുന്നത്. കെ എല്‍ രാഹുലും യൂസ്‌വേന്ദ്ര ചാഹലുമാണത്. 2013ല്‍ കരുണ്‍ നായര്‍ക്കും മായങ്ക് അഗര്‍വാളിനുമൊപ്പം രാഹുലും ആര്‍സിബിയുടെ ഭാഗമായിരുന്നു. എന്നാല്‍ രാഹുല്‍ ടി20ക്ക് പറ്റിയ കളിക്കാരനായിരുന്നില്ല. 2018ല്‍  ആര്‍സിബിയില്‍ നിന്ന് പോയശേഷം ഞാന്‍ രാഹുലിനെ കുറിച്ച് കൂടുതല്‍ കേട്ടിരുന്നില്ല. അവന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ആര്‍സിബിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവന്‍ വളരെ ചെറുപ്പമായിരുന്നു. 

ഞാന്‍  അപ്പോഴേക്കും ഇന്ത്യക്ക് വേണ്ടി കളിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ 2014ല്‍ തന്നെ രാഹുല്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഞങ്ങള്‍ ഒരുപാട് സമയമൊന്നും ഒന്നിച്ച് സമയം ചെലവഴിക്കാറില്ലായിരുന്നു. എന്നാല്‍ 2014 ഓസ്‌ട്രേലിയന്‍ പര്യടനം എന്നെ ഞെട്ടിച്ചു. അന്നാണ് രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അവന്റെ ബാറ്റിംഗ് എനിക്ക് അതിശയമായിരുന്നു. അവന്റെ ശരീര ഭാഷ, സാങ്കേതിക തികവ് എല്ലാം എന്നെ അമ്പരപ്പിച്ചു.'' കോലി പറഞ്ഞു.  

''ഹൈദാരാബാദിന് വേണ്ടി കളിക്കുമ്പോള്‍ അവന് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. കിട്ടിയപ്പോഴെല്ലാം അവന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ആര്‍സിബിയിലെത്തില്‍ സമ്മര്‍ദ്ദം ഒരു പരിധിവരെ മറികടക്കാനാവുമെന്ന് തോന്നിയിരുന്നു. കാരണം ആര്‍സിബി അവന്റെ ഹോംഗ്രൗണ്ടാണ്. മാത്രമല്ല, ടീമില്‍ എബി ഡിവില്ലിയേഴും ക്രിസ് ഗെയ്‌ലുമെല്ലാം കളിക്കുന്നുണ്ട്. അങ്ങനെ ഒരു നിരയില്‍ കളിച്ചപ്പോള്‍ അവന് സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ സാധിച്ചു.'' കോലി പറഞ്ഞുനിര്‍ത്തി. 

2016ല്‍ ആര്‍സിബി ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തുമ്പോള്‍ രാഹുലിന് വലിയ റോളുണ്ടായിരുന്നു. സീസണില്‍ നാല് അര്‍ധ സെഞ്ചുറികള്‍ രാഹുല്‍ സ്വന്തമാക്കി. 44.11 ആയിരുന്നു രാഹുലിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റ് ആവട്ടെ 146.49 ഉം. 2017ല്‍ രാഹുലിന് പരിക്ക് കാരമം സീസണ്‍ നഷ്ടമായി. പിന്നാലെ താരം പഞ്ചാബ് കിംഗ്‌സിലേക്ക് ചേക്കേറുകയായിരുന്നു. നിലവില്‍ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണ് രാഹുല്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്‍റെ ക്യാപ്റ്റനായിരുന്നു രാഹുല്‍.

click me!