
ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ ശിക്ഷിക്കാന്‍ ഐസിസിക്ക് കഴിയില്ലെന്ന് മുന്‍ ഐസിസി ചെയര്‍മാന്‍ ഇഹ്സാന്‍ മാനി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് പിസിബി ഇത്തരമൊരു തീരുമാനമെടുത്തതെന്നും അതിനാല്‍ ഐസിസിയുടെ അച്ചടക്ക നിയമങ്ങള്‍ ഇതില്‍ ബാധകമല്ലെന്നും അദ്ദേഹം വാദിച്ചു. സ്‌പോര്‍ട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് മാനി തന്റെ നിലപാട് വ്യക്തമാക്കിയത്.
2025-ലെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് സ്വന്തം സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അന്ന് ഇന്ത്യക്കെതിരെ നടപടിയെടുക്കാത്ത ഐസിസിക്ക് ഇപ്പോള്‍ പാകിസ്ഥാനെതിരെയും നടപടിയെടുക്കാന്‍ കഴിയില്ല. ഇത്തരമൊരു ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് മാനി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ഐസിസി വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിക്കറ്റില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഐസിസി തന്നെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങള്‍ കളിക്കുകയും ഇന്ത്യയുമായുള്ള മത്സരം മാത്രം ഒഴിവാക്കുകയും ചെയ്യുന്നത് ആഗോള കായിക മാമാങ്കത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ''ഈ തീരുമാനം പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആരാധകര്‍ക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കും ഗുണകരമല്ല. ഈ നീക്കം പാകിസ്ഥാന്‍ ക്രിക്കറ്റിന് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.'' ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി.
15ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം നടക്കേണ്ടത്. ഒരു ടീമിന് 'വാക്കോവര്‍' ലഭിക്കണമെങ്കില്‍ എതിര്‍ ടീം മൈതാനത്ത് ഹാജരാകണം. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ടോസിനായി മൈതാനത്ത് എത്തുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. എന്നാല്‍് പാക് നായകന്‍ സല്‍മാന്‍ അലി അഗ എത്തിയില്ലെങ്കില്‍ മാച്ച് റഫറി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ സുപ്രധാനമായ രണ്ട് പോയിന്റുകള്‍ ലഭിക്കും.
ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധമായാണ് ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. സംപ്രേക്ഷണാവകാശമുള്ള ചാനലുകള്‍ക്ക് ഈ ബഹിഷ്‌കരണം വഴി ഏകദേശം 250 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!