ആദ്യം മധ്യനിര നന്നാക്കിയെടുക്കൂ; ഇന്ത്യന്‍ ടീമിന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ നിര്‍ദേശം

By Web TeamFirst Published Jul 7, 2020, 4:02 PM IST
Highlights

കോലിക്ക് കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ പുറത്തായി. 2017ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് പരാജയപ്പെടുകയായിരുന്നു.

ലണ്ടന്‍: അടുത്തിടെ ഐസിസി കിരീടങ്ങളൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നേടാന്‍ സാധിച്ചിട്ടില്ല. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. അന്ന് ധോണിയായിരുന്നു ക്യാപ്റ്റന്‍. കോലിക്ക് കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ പുറത്തായി. 2017ല്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് പരാജയപ്പെടുകയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം നേടിയത്. 

ഇന്ത്യയുടെ ഐസിസി കിരീട ക്ഷാമത്തിന്റെ കാരണം പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇപ്പോള്‍ കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. അദ്ദേഹം തുടര്‍ന്നു... ''ടീം സെലക്ഷനാണ് ഇന്ത്യയുടെ വീഴ്ചകളിലെ പ്രധാനകാരണം. ഇന്ത്യയുടെ മുന്‍നിര വളരെ ശക്തമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. നല്ല പിച്ചുകളില്‍ മുന്‍നിര താരങ്ങള്‍ സെഞ്ചുറി നേടിയാല്‍ മധ്യനിരയ്ക്ക് കൂടുതല്‍ കഷ്ടപ്പെടേണ്ടതില്ല. എന്നാല്‍ പന്ത് നന്നായി സ്വിങ് ചെയ്യുന്ന പിച്ചില്‍ മധ്യനിര കളിക്കേണ്ടതുണ്ട്. മുന്‍നിര പുറത്തായാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ മധ്യനിരയില്‍ ആളില്ല. സാഹചര്യം മാറുമ്പൊ മധ്യനിര ശക്തമാക്കണം.

തകര്‍ച്ചയില്‍ നിന്ന് എങ്ങനെ കരകയറാനാകുമെന്നാണ് ഇന്ത്യ പഠിക്കേണ്ടത്. അതുകൊണ്ട് പ്ലാന്‍ എയില്‍ മാത്രം ഇന്ത്യ ഉറച്ചുനില്‍ക്കരുത്. ഒരു ബി പ്ലാന്‍ വേണം. എങ്കില്‍ മാത്രമെ ഐസിസി കിരീടം ഇന്ത്യയെ തേടിയെത്തൂ.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി. 

2014ലെ  ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കയോട് തോറ്റു. 2015ലെ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഓസ്ട്രേലിയക്കു മുന്നില്‍ ഇന്ത്യക്കു കാലിടറി. 2016ലെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോടും ഇന്ത്യ സെമി ഫൈനലില്‍ തോറ്റു.

click me!