
ലണ്ടന്‍: ഇപ്പോഴത്തെ പാകിസ്ഥാന്‍ പേസര്‍മാര്‍ അത്രത്തോളം മികച്ചവരൊന്നുമല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൊയീന്‍ അലി. പാകിസ്ഥാന്‍ എപ്പോഴും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ സൃഷ്ടിക്കുമെന്ന ധാരണ മൊയീന്‍ അലി തള്ളിക്കളഞ്ഞു. നിലവിലെ പാകിസ്ഥാന്‍ പേസ് ത്രയങ്ങളായ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു മൊയീന്റെ പ്രസ്താവന. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മൊയീന്‍ ഇക്കാര്യം പറഞ്ഞത്.
മൊയീന്‍ അലിയുടെ വാക്കുകള്‍... ''ഷഹീന്‍ - ഹാരിസ് - നസീം മോശക്കാരാണെന്നല്ല പറയുന്നത്. എന്നാല്‍ അവര്‍ അത്രത്തോളം മികച്ചവരല്ല. സ്വന്തം നാട്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടതിനാല്‍ പാകിസ്ഥാന്‍ ആ ടൂര്‍ണമെന്റ് മറക്കാനാണ് ആഗ്രഹിക്കുന്നത്. വിക്കറ്റ് എടുക്കാനുള്ള കഴിവില്‍ പാക് പേസര്‍മാര്‍ക്ക് സംശയമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പാകിസ്ഥാന്‍ സീമര്‍മാരാണ് മികച്ചവരെന്ന് ആ ടീമിനെ ആരാധിക്കുന്നവര്‍ പറയാറുണ്ട്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. നസീം, ഷഹീന്‍, ഹാരിസ് എന്നിവര്‍ നല്ല ബൗളര്‍മാരെങ്കിലും മികച്ചവരെന്ന് പറയാന്‍ സാധിക്കില്ല.'' മൊയീന്‍ വ്യക്തമാക്കി.
അടിസ്ഥാന വിലയ്ക്ക് ടീമിലെത്തി, ഒടുവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസ്!
ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 18.4 ഓവറില്‍ 91 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. ടിം സീഫര്‍ട്ട് 44 റണ്‍സടിച്ചപ്പോള്‍ ഫിന്‍ അലന്‍ 29 റണ്‍സുമായും ടിം റോബിന്‍സണ്‍ 18 റണ്‍സുമായും പുറത്താകാതെ നിന്നു.
32 റണ്‍സെടുത്ത കുഷ്ദില്‍ ഷായും 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 17 റണ്‍സെടുത്ത ജഹ്നാദ് ഖാനും മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ രണ്ടക്കം കടന്നത്. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫി 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ കെയ്ല്‍ ജമൈസണ്‍ 8 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സ്‌കോര്‍ പാകിസ്ഥാന്‍ 18.4 ഓവറില്‍ 91ന് ഓള്‍ ഔട്ട്, ന്യൂസിലന്‍ഡ് 10.1 ഓവറില്‍ 92-1.