ജഡ്ഡു ഈസ് ബാക്ക്; നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ അടിയോടടി, ഓസീസിന് മുന്നറിയിപ്പ്
പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ പരിശീലനത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ടീം ഇന്ത്യ നാഗ്‌പൂരില്‍ പരിശീലനം തുടങ്ങി. ആദ്യ ടെസ്റ്റിന് വേദിയാവുന്ന നാഗ്‌പൂരില്‍ രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും അടങ്ങമുള്ള താരങ്ങള്‍ നെറ്റ്‌സില്‍ പന്ത് തട്ടി. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം. ശുഭ്‌മാന്‍ ഗില്ലും രോഹിത്തും ഒന്നിച്ച് ബാറ്റ് ചെയ്‌തത് ഓപ്പണിംഗില്‍ ആരൊക്കെയെന്ന സൂചന നല്‍കുന്നു.
പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ പരിശീലനത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. രഞ്ജി ട്രോഫിയിലെ മികവിന് പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചാണ് ജഡ്ഡുവിന്‍റെ വരവ്. ജഡേജയ്‌ക്കൊപ്പം കെ എസ് ഭരതും ഏറെ നേരം നെറ്റ്‌സില്‍ ചിലവഴിച്ചു. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റിന് മുമ്പ് നാല് ദിവസത്തെ പരിശീലനമെങ്കിലും ടീമിന് അവശേഷിക്കുന്നുണ്ട്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പരിശീലനം പൂര്‍ത്തിയാക്കിയാവും ടീം ആദ്യ മത്സരത്തിന് വേദിയാവുന്ന ജാംതായിലേക്ക് തിരിക്കുക. ഇതിനിടയില്‍ ടീം കോംബിനേഷന്‍ സംബന്ധിച്ച് നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള സാധ്യതയുണ്ട് എന്ന് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ബെംഗളൂരുവിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലനം. പാറ്റ് കമ്മിന്‍സും സംഘവും ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കാനുള്ള സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ട്. ടീമിനെ സന്തുലിതമാക്കുന്ന ഗ്രീനിന്‍റെ അഭാവം ഓസീസിന് പരമ്പരയില്‍ കനത്ത തിരിച്ചടിയാവും. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലുമുള്ള ഇന്ത്യന്‍ സ്‌പിന്‍ ആക്രമണത്തെ ചെറുക്കാന്‍ പ്രത്യേക പരിശീലനമാണ് ഓസീസ് നടത്തുന്നത്. ഇതിനായി ഇന്ത്യന്‍ ആഭ്യന്തര സ്‌പിന്നര്‍മാരെ ഓസീസ് കൂടെക്കൂട്ടിയിട്ടുണ്ട്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.
2007 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച 'സര്‍പ്രൈസ് ഹീറോ' ജൊഗീന്ദര്‍ ശര്‍മ്മ വിരമിച്ചു