India New Test Captain : 'രോഹിത് ശര്‍മ വലിയ ഉദാഹരണം! റിഷഭ് പന്ത് ക്യാപ്റ്റനാവട്ടെ'; പിന്തുണച്ച് ഇതിഹാസതാരം

By Web TeamFirst Published Jan 16, 2022, 10:56 AM IST
Highlights

രോഹിത് ശര്‍മ്മയെ (Rohit Sharma) മുംബൈ ഇന്ത്യന്‍സ് നായകനാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഗാവസ്‌കറുടെ പരാമര്‍ശം. മുംബൈ നായകനായതിന് ശേഷം രോഹിത്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ള താരമായെന്നും ബാറ്റിഗില്‍ കൂടുതല്‍ മികവ് കാണിച്ചുവെന്നും ഗാവസ്‌കര്‍ പറയുന്നു.

മുംബൈ: ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ (Rishabh Pant) നിയമിക്കണമെന്ന് മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar) അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്റെ ചുമതല പന്തിനെ കൂടുതല്‍ ഉത്തരവാദിത്തവും മികവുമുള്ള താരമാക്കി മാറ്റുമെന്ന് ഗാവസ്‌കര്‍ പറയുന്നു. രോഹിത് ശര്‍മ്മയെ (Rohit Sharma) മുംബൈ ഇന്ത്യന്‍സ് നായകനാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഗാവസ്‌കറുടെ പരാമര്‍ശം. മുംബൈ നായകനായതിന് ശേഷം രോഹിത്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ള താരമായെന്നും ബാറ്റിഗില്‍ കൂടുതല്‍ മികവ് കാണിച്ചുവെന്നും ഗാവസ്‌കര്‍ പറയുന്നു.

വിരാട് കോലി രാജിവച്ചതോടെ രോഹിത് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായേക്കും. നിലവില്‍ ഇന്ത്യയുടെ ട്വന്റി 20, ഏകദിന നായകനാണ് രോഹിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നെങ്കിലും പരിക്ക് കാരണം പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രോഹിത് ക്യാപ്റ്റനാവുമ്പോള്‍ രാഹുല്‍ വൈസ് ക്യാപ്റ്റനാവും. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലായിരിക്കും ടെസ്റ്റ് നായകനായി രോഹിത്തിന്റെ അരങ്ങേറ്റം. 

കഴിഞ്ഞ ദിവസാണ് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്. ഇനി ടീം ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും നായകനായി കോലിയെ കാണാന്‍ കഴിയില്ല. ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുകയും കൂടുതല്‍ വിജയം സ്വന്തമാക്കുകയും ചെയ്ത നായകനെന്ന ഖ്യാതിയോടെയാണ് കോലി പടിയിറങ്ങുന്നത്. കോലി നയിച്ച 68 ടെസ്റ്റില്‍ നാല്‍പതിലും ഇന്ത്യ ജയിച്ചുകയറി.

2015ല്‍ എം എസ് ധോണിയുടെ രാജിക്ക് പിന്നാലെയാണ് കോലി ഇന്ത്യന്‍ നായകനായത്. മുപ്പത്തിമൂന്നുകാരനായ കോലി ക്യാപ്റ്റനായതിന് ശേഷം 113 ഇന്നിംഗ്‌സില്‍ നിന്ന് 20 സെഞ്ച്വറികളോടെ 5864 റണ്‍സെടുത്തിട്ടുണ്ട്. 254 നോട്ടൗട്ടാണ് ഉയര്‍ന്ന സ്‌കോര്‍.

ബിസിസിഐയുമായി ഇടഞ്ഞ കോലി കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ലോകകപ്പിന് ശേഷം ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഡിസംബര്‍ എട്ടിന് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

click me!