'ടീം നന്നാക്കാന്‍ ദ്രാവിഡ് പ്രയത്‌നിച്ചു, സഹതാരങ്ങള്‍ക്ക് ആ തോന്നലില്ലായിരുന്നു': വെളിപ്പെടുത്തലുമായി ചാപ്പല്‍

By Web TeamFirst Published May 21, 2021, 6:35 PM IST
Highlights

ചാപ്പല്‍ പരിശീലകനായിരിക്കുമ്പോഴാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുന്നതും വൈകാതെ ടീമില്‍ നിന്ന് പുറത്താവുന്നതും. പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റനായി.

സിഡ്‌നി: 2005 മുതല്‍ 2007 വരെ ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ഗ്രേഗ് ചാപ്പലിന് അധികമൊന്നും അവകാശപ്പെടാനില്ല. സൗരവ് ഗാംഗുലിയുടെ താല്‍പര്യ പ്രകാരമാണ് ചാപ്പലിനെ നിയമിക്കുന്നത്. പിന്നീട് ഇരുവരും ശത്രുതയിലുമായി. ചാപ്പല്‍ പരിശീലകനായിരിക്കുമ്പോഴാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുന്നതും വൈകാതെ ടീമില്‍ നിന്ന് പുറത്താവുന്നതും. പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റനായി. യഥാര്‍ത്ഥത്തില്‍ ചാപ്പലിന് താല്‍പര്യവും ദ്രാവിഡിലായിരുന്നു.

ഇപ്പോള്‍ ദ്രാവിഡ് ക്യാപ്റ്റനായിരുന്ന സമയത്തെ കുറിച്ച് സംസാരിക്കുകയാണ് ചാപ്പല്‍. ഇന്ത്യന്‍ ടീമിനെ മികച്ച സംഘമാക്കാന്‍ ദ്രാവിഡ് കഠിനപ്രയ്‌നം നടത്തിയിരുന്നുവെന്നാണ് ചാപ്പല്‍ പറയുന്നത്. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ചാപ്പല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ''ക്യാപ്റ്റനായിരിക്കുമ്പോള്‍ ദ്രാവിഡിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ മികച്ചതാക്കാന്‍ ദ്രാവിഡ് വളരെയധികം കഷ്ടപ്പെട്ടു. എന്നാല്‍ ടീം നന്നാവണമെന്ന തോന്നല്‍ അന്നത്തെ സംഘത്തിലുള്ള പലര്‍ക്കുമില്ലായിരുന്നു. ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്.'' ചാപ്പല്‍ പറഞ്ഞു.

നേരത്തെ, ഗാംഗുലിക്കെതിരെയും ചാപ്പല്‍ സംസാരിച്ചിരിച്ചുന്നു.  ''ഗാംഗുലി കഠിനാധ്വാനം ചെയ്യാന്‍ താല്‍പര്യമില്ലാത്ത താരമായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തുക മാത്രമായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം.'' ചാപ്പല്‍ ആരോപിച്ചു.

2007 ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതോടെയാണ് ചാപ്പലിന്റെ പരിശീലക സ്ഥാനം തെറിക്കുന്നത്. ചാപ്പലിന്റെ പരിശീലനത്തിന് കീഴില്‍ പാകിസ്ഥാനെതിരെ അവരുടെ നാട്ടില്‍ വെച്ച് ഏകദിന പരമ്പരയിലും, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഒരു ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു.

click me!