ഐപിഎല്‍ നടത്താനുള്ള തീരുമാനത്തില്‍ പാക് ക്രിക്കറ്റര്‍മാര്‍ അസൂയാലുക്കളാണ്; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Aug 7, 2020, 4:48 PM IST
Highlights

അടുത്ത മാസം 19നാണ് ഐപിഎല്‍ ആരംഭിക്കുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളാണ് ടൂര്‍ണമെന്റിന് വേദിയാവുക. നവംബര്‍ 10നാണ് ഫൈനല്‍. 

മുംബൈ: ഈ വരുന്ന സെപ്റ്റംബറില്‍ ഐപിഎല്‍ നടക്കുമെന്ന് ഏറെകുറെ ഉറപ്പായിക്കഴിഞ്ഞു. നവംബറില്‍ അവസാനിക്കുന്ന രീതിയില്‍ യുഎഇയില്‍ നടത്താനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ഔദ്യോഗികമായി ലഭിച്ചുവെന്ന് ഇന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐപിഎല്‍ നടത്താന്‍ വേണ്ടി ഐസിസി ടി20 ലോകകപ്പ് മാറ്റിവെക്കുകയായിരുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ വാദിച്ചിരുന്നു. 

ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമായ മദന്‍ ലാല്‍. ഒരു ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് പാക് താരങ്ങള്‍ രണ്ട് തവണ ആലോചിക്കണമെന്നാണ് മദന്‍ ലാലിന്റെ മറുപടി. അദ്ദേഹത്തിന്റെ വാക്കുകള്‍. ''പാക് താരങ്ങള്‍ എന്തെല്ലാം മണ്ടത്തരങ്ങളാണ് വിളിച്ചുപറയുന്നത്. ഐപിഎല്ലിന് വേണ്ടി ടി20 ലോകകപ്പ് മാറ്റിവച്ചുവെന്നാണ് അവരുടെ വാദം. ലോകകപ്പ് എന്തുകൊണ്ട് മാറ്റിവച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ലോകകപ്പിന് കാണികള്‍ വേണം. എങ്കില്‍ മാത്രമേ സ്‌പോണ്‍സര്‍മാരെ ലഭിക്കൂ. 

കൊറോണക്കാലത്ത് ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തിയാല്‍ എത്രത്തോളം നഷ്ടമാവുമെന്ന് ലോകത്തിനറിയാം. മാറ്റിവച്ചത് ഉചിതമായ തീരൂമാനമാണ്. ഐപിഎല്‍ ആഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തുമെന്ന് ആലോചിച്ചിരുന്നതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടത്താന്‍  സാധിക്കാതെ വന്നതോടെയാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. ഇതും ലോകകപ്പ് മാറ്റാനുള്ള തീരുമാനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പാകിസ്ഥാന്‍ താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും ആ തീരുമാനത്തില്‍ അസൂയപൂണ്ടിട്ട് ഒരു കാര്യവുമില്ല. 

നിങ്ങള്‍ ഒരു കാര്യം ആരോപിക്കുന്നതിന് മുമ്പ്  പല തവണ ചിന്തിക്കുന്നത് നല്ലതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരഹരിച്ച് ക്രിക്കറ്റ് പുനഃരാരംഭിക്കാനാണ് ശ്രമിക്കേണ്ടത്.

click me!