'കരുണ്‍ ഇങ്ങനെ കളിച്ചാല്‍ ശരിയാവില്ല'; മലയാളി താരത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Jul 18, 2025, 09:57 PM IST
Karun Nair

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരിയിൽ മോശം പ്രകടനം തുടരുന്ന കരുൺ നായർക്കെതിരെ വിമർശനവുമായി മുൻ താരം ഫാറൂഖ് എഞ്ചിനീയർ. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരില്‍ മോശം പ്രകടനം തുടരുന്ന മലയാളി താരം കരുണ്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരം ഫാറൂഖ് എഞ്ചിനീയര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണില്‍ കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ അത്രത്തോളം മികച്ച പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു. എന്നാല്‍ വീണ്ടും ദേശീയ ടീമിലെത്തിയപ്പോള്‍ കരുണ്‍ നിരാശപ്പെടുത്തി. ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 21.83 ശരാശരിയില്‍ 131 റണ്‍സ് മാത്രമാണ് 33 കാരനായ താരം നേടിയത്.

കരുണ് മികച്ച തുടക്കങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് മുതലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനുള്ള അതൃപ്തിയാണ് ഫാറൂഖ് എഞ്ചിനീയര്‍ തുറന്നുപറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന കരുണില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹം കൂടുതല്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. കരുണ്‍ 20-കളും 30-കളും നേടിക്കൊണ്ടിരിക്കുന്നു. ആത്മവിശ്വാസത്തോടെയാണ് കരുണ്‍ തുടങ്ങുന്നത്. മനോഹരമായ കവര്‍ ഡ്രൈവുകളെല്ലാം അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറക്കുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ നിന്ന് 30 റണ്‍സല്ല പ്രതീക്ഷിക്കുന്നത്, സെഞ്ചുറി നേടണം. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സ് ആവശ്യമാണ്.'' ഫാറൂഖ് വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഏറ്റവും ഫലപ്രദമായ ഇലവനെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ''നമ്മള്‍ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കണം. സായ് സുദര്‍ശന്റെ പ്രകടനം ഞാന്‍ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ ഏറ്റവും മികച്ച കളിക്കാരനെ തിരഞ്ഞെടുക്കണം. ആരാണ് കൂടുതല്‍ സംഭാവന നല്‍കാന്‍ പോകുന്നത്, അയാളെ ടീമില്‍ ഉള്‍പ്പെടുത്തണം. നിങ്ങളുടെ രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നതെന്നുള്ള ഓര്‍മ വേണം.'' അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതിനിടെ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു. ബുധനാഴ്ചയാണ് നാലാം ടെസ്റ്റിന് തുടക്കമാവുക. അഞ്ച് ടെസ്റ്റുകളുടെ പരന്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് മാഞ്ചസ്റ്ററില്‍ ജയം അനിവാര്യമാണ്. ലോര്‍ഡ്‌സില്‍ 22 റണ്‍സിന്റെ നാടകീയ ജയം നേടിയ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഇതിനിടെ ഫാസ്റ്റ് ബൌളര്‍ അര്‍ഷ്ദീപ് സിംഗിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. പരിശീലനത്തിനിടെ സ്വന്തം ബൗളിംഗില്‍ സായ് സുദര്‍ശന്റെ ഷോട്ട് തടുക്കുന്നതിനിടെയാണ് അര്‍ഷ്ദീപിന് പരിക്കേറ്റത്. നാലാം ടെസ്റ്റിന് മുന്‍പ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക് മാറുമെന്നാണ് പ്രതീക്ഷയെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷറ്റ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യം, മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ
'മൂന്നാം നമ്പറിലിറങ്ങാതെ ഒളിച്ചിരുന്നു, എന്നിട്ടും രക്ഷയില്ല', കളി ജയിച്ചിട്ടും സൂര്യകുമാറിനെതിരെ ആരാധകരോഷം